താർഖണ്ഡിൽ ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി
താർഖണ്ഡിൽ ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി. ഝാർഖണ്ഡിലെ ബുർഹ പഹഡ് മേഖലയിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. ആയുധങ്ങൾ മാവോയിസ്റ്റുകളുടേതാണെന്നാണ് സംശയം. പൊലീസും സിആർപിഎഫും ചേർന്ന് നടത്തിയ തെരച്ചിലിലാണ് വെടിക്കോപ്പുകൾ പിടികൂടിയത്.
ശക്തമായ സ്ഫോടനം നടത്താൻ കഴിയുന്ന സ്ഫോടക വസ്തുക്കളും ഈ തിരച്ചിലിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ശക്തമായ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയാണ് ഇത്.
തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും മാവോയിസ്റ്റുകൾ പൊലീസുമായി വളരെ ശക്തമായ നിരവധി ഏറ്റുമുട്ടലുകൾ നടത്തിയ ഒരു മേഖലയാണ്. ഈ പ്രദേശത്ത് ഇപ്പോഴും മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ട് എന്ന രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ. കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത് നടത്തിയ തെരച്ചിലിൽ മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നതിനായി ഉപയോഗിച്ച ഒരു ബങ്കർ കണ്ടെത്തിയിരുന്നു. മേഖലയിൽ പൊലീസ് ശക്തമായ തെരച്ചിൽ തന്നെ നടത്താനുള്ള തീരുമാനത്തിലാണ്. ഇപ്പോഴും മാവോയിസ്റ്റ് സാന്നിധ്യം ഈ മേഖലയിൽ ഉണ്ട് എന്ന് തന്നെയാണ് രഹസ്യ വിവരം.