Thursday, January 9, 2025
National

ന്യുമോണിയ മാറാന്‍ പഴുപ്പിച്ച ഇരുമ്പ് ദണ്ഡ് കൊണ്ട് 51 തവണ പൊള്ളിച്ചു; മധ്യപ്രദേശില്‍ പിഞ്ചുകുഞ്ഞ് മരിച്ചു

മധ്യപ്രദേശില്‍ മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. ന്യൂമോണിയ മാറാന്‍ പഴുപ്പിച്ച ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചതിനെത്തുടര്‍ന്നാണ് പിഞ്ചുകുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. രോഗം മാറാനെന്ന പേരില്‍ 51 തവണയാണ് കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചത്. മന്ത്രവാദ ചികിത്സയ്ക്ക് ശേഷം ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

മധ്യപ്രദേശിലെ ഷാഡോളിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും. 15 ദിവസങ്ങള്‍ക്ക് മുന്‍പാണ് കുഞ്ഞിന് ന്യുമോണിയ ബാധിക്കുന്നത്. ശ്വാസമെടുക്കുന്നതിനും കുട്ടിയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു.

രോഗമുള്ള കുഞ്ഞിനോട് അന്ധവിശ്വാസത്തിന്റെ പേരില്‍ ക്രൂരത കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അംഗനവാടി ജീവനക്കാരി ഇരുമ്പ് ദണ്ഡ് കുഞ്ഞിന്റെ ശരീരത്തില്‍ വയ്ക്കരുതെന്ന് ഉപദേശിച്ചിരുന്നുവെന്ന് ജില്ലാ കളക്ടര്‍ വന്ദന വൈദ് പറഞ്ഞു. കുഞ്ഞിനെ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും ഏറെ വൈകിയിരുന്നു. ചികിത്സിക്കാന്‍ വൈകിയതും മന്ത്രവാദ ചികിത്സയും അണുബാധ പടരാന്‍ കാരണമായെന്നും ഇതാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *