ഗാന്ധിജിയുടെ രൂപത്തിൽ മഹിഷാസുരൻ; ദുർഗ്ഗാ വിഗ്രഹത്തിലെ മൂർത്തീ രൂപം വിവാദത്തിൽ
വിജയദശമിയോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായി നടന്ന ദുര്‍ഗാപൂജയില്‍ ദുര്‍ഗാവിഗ്രഹത്തില്‍ മഹിഷാസുരന് പകരമായി മഹാത്മാഗാന്ധി.കൊല്‍ക്കത്തയില്‍ അഖില ഭാരതീയ ഹിന്ദു മഹാസഭ സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം. ഗാന്ധിജയന്തി ദിനത്തില്‍ പറ്റിയ പിഴവ് വലിയ വിവാദം സൃഷ്ടിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സംഘാടകര്‍ ഗാന്ധിരൂപം പ്രതിമയില്‍ നിന്ന് മാറ്റി.
അതേസമയം, മഹാത്മാ ഗാന്ധിയെ യഥാര്‍ത്ഥ അസുരനായാണ് തങ്ങള്‍ കാണുന്നതെന്നും അതിനാലാണ് വിഗ്രഹത്തില്‍ അത്തരമൊരു മാറ്റം ചെയ്തതെന്നും ഹിന്ദു മഹാസഭ പശ്ചിമ ബംഗാള്‍ ഘടകം അദ്ധ്യക്ഷന്‍ ചന്ദ്രചൂര്‍ ഗോസ്വാമി ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.കേന്ദ്ര സര്‍ക്കാര്‍ ഗാന്ധിയെക്കുറിച്ച് പ്രചാരണം നടത്തുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മൂര്‍ത്തിയില്‍ മാറ്റം വരുത്തിയത്. മഹാത്മാഗാന്ധിയെ ഒഴിവാക്കി സുഭാഷ് ചന്ദ്ര ബോസിനെപ്പോലുള്ള സ്വാതന്ത്ര്യ സമരസേനാനികളെ മുന്നോട്ടുകൊണ്ടുവരണമെന്നതാണ് തങ്ങളുടെ ആഗ്രഹമെന്നും ഗോസ്വാമി വ്യക്തമാക്കി.
സംസ്ഥാനത്തെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്, പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപി, സിപിഎം, കോണ്‍ഗ്രസ് എന്നിവരും സംഭവത്തെ അപലപിച്ചു. പ്രവൃത്തി രാഷ്ട്രപിതാവിനെ അപമാനിക്കുന്നതാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു. ഇത് എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും അപമാനമാണ്. ഇതിനെക്കുറിച്ച് ബിജെപി എന്ത് പ്രതികരണമാണ് നല്‍കാന്‍ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.
മൂന്ന് ലോകവും അടക്കിവാണ അസുരചക്രവര്‍ത്തിയായി ഹൈന്ദവ പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന അസുരനാണ് മഹിഷാസുരന്‍. ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ച ദിവസമാണ് വിജയദശമിയായി ആചരിക്കപ്പെടുന്നത്. എല്ലാ വര്‍ഷവും വിജയദശമി ആഘോഷങ്ങള്‍ക്ക് ഒരു പ്രമേയം തിരഞ്ഞെടുക്കാറുണ്ട്. സമൂഹിക വിപത്തിനെ പ്രതിനിധീകരിക്കുന്ന രൂപങ്ങളെയാണ് മിക്കപ്പോഴും മഹിഷാസുരന് മാതൃകയായി വിഗ്രഹങ്ങളില്‍ നല്‍കുന്നത്.