Tuesday, January 7, 2025
NationalTop News

ഇന്ത്യയുടെ കോവിഡ് വാക്‌സിൻ ജൂലൈ ഏഴിന് വാക്‌സിൻ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങും

ഇന്ത്യ തദ്ദേശിയമായി വികസിപ്പിക്കുന്ന കോവിഡ് വാക്സിൻ അടുത്ത മാസം മുതൽ ലഭ്യമാകും. ആഗസ്ത് 15 ന് കോവാക്സിന്‍ ലഭ്യമാക്കണമെന്ന് ഐസിഎംആർ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടു. ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ ഇക്കാര്യം അറിയിച്ചത്.

എല്ലാ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കും ശേഷം ഓഗസ്റ്റ് 15 ഓടെ വാക്സിൻ ലഭ്യമാക്കാനുള്ള കഠിന ശ്രമത്തിലാണ്‌ തങ്ങളെന്ന് ഐസിഎംആർ പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ പരീക്ഷണങ്ങളുടെ ഫലങ്ങളെ ആശ്രയിച്ചാകും വാക്സിന്‍റെ വിജയമെന്ന് ഐസിഎംആർ ഡയറക്ടർ വ്യക്തമാക്കുന്നു.

വാക്സിന്‍റെ ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങൾക്ക് കഴിഞ്ഞ ദിവസമാണ് ഐസിഎംആർ അനുമതി നൽകിയത്. വാക്‍സിന്‍ നിര്‍മാണത്തിന്‍റെ ഓരോ ഘട്ടവും കേന്ദ്രസർക്കാർ സസൂക്ഷ്മം വിലയിരുത്തുന്നുണ്ടെന്നും വാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണങ്ങൾ പൂർത്തിയാക്കാൻ അനുമതികൾ വേഗത്തിലാക്കണമെന്നും ഐസിഎംആറിലെ ഉദ്യോഗസ്ഥര്‍ക്ക് ബൽറാം ഭാർഗവ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂലൈ ഏഴിന് വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങുമെന്നും അദ്ദേഹം പറയുന്നു.

ഐസിഎംആറിന്‍റെ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുള്ള സാർസ് കോവ്-2 വൈറസിന്റെ സാമ്പിളാണ് വാക്സിൻ നിർമിക്കുന്നതിനായി ഉപയോഗിച്ചത്. ബിബിവി 152 എന്ന കോഡിലുള്ള കോവിഡ് വാക്സിന് കോവാക്സിൻ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയിച്ചാൽ ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ വാക്സിൻ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

രാജ്യത്ത് കഴിഞ്ഞ ദിവസം മാത്രം രണ്ടര ലക്ഷത്തോളം കോവിഡ് പരിശോധനകള്‍ നടത്തിയതായും ഐസിഎംആർ പറഞ്ഞു. 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് ഇരുപതിനായിരത്തിലധികം പുതിയ കേസുകളും 379 മരണവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *