കോഴിക്കോട് കർശന നിയന്ത്രണങ്ങൾ ; കണ്ടെയ്ൻമെൻറ് സോണുകളിൽ കോവിഡ് പരിശോധന ഇന്ന് തുടങ്ങും
കർശന നിയന്ത്രണങ്ങളിലേക്ക് കോഴിക്കോട്. കണ്ടെയ്ൻമെൻറ് സോണുകളിൽ കോവിഡ് പരിശോധന ഇന്ന് തുടങ്ങും.ആദ്യഘട്ടത്തിൽ 1000 പേരുടെ സാംപിളാണ് പരിശോധിക്കുന്നത്. കോർപറേഷനിലെ മൂന്ന് ഡിവിഷനുകളും ഒളവണ്ണ പഞ്ചായത്തിലെ ഒരു വാർഡുമാണ് കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. നഗരത്തിൽ ഉൾപ്പെടെ കർശന നിയന്ത്രണങ്ങളാണ് ജില്ലാഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച കൃഷ്ണൻറെ സംസ്‌കാര ചടങ്ങിൽ അടക്കം പങ്കെടുത്ത 300 പേരാണ് വെള്ളയിൽ ഭാഗത്ത് സമ്പർക്കത്തിലുള്ളത്. അതുപോലെ ഒളവണ്ണ പഞ്ചായത്തിലെ 19ആം വാർഡിലെ ട്രക്ക് ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അവിടെയും കണ്ടെയ്ൻമെൻറ് സോണാക്കി. കോർപറേഷനിലെ 56ആം വാർഡായ ചക്കുംകടവ്, 62ആം വാർഡായ മൂന്നാലിങ്കൽ, 66ആം വാർഡായ വെള്ളയിൽ, ഒളവണ്ണ പഞ്ചായത്തിലെ 19ആം വാർഡായ കമ്പിള പറമ്പ് എന്നിവിടങ്ങളാണ് കണ്ടെയ്ൻമെൻറ് സോണുകൾ. ഓരോ വാർഡിലും 300 പേരുടെ സാംപിളുകൾ പരിശോധിക്കും.
കണ്ടെയ്ൻമെൻറ് സോണുകളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ സാംസ്‌കാരിക പൊതുപരിപാടികളോ പ്രതിഷേധങ്ങളോ അനുവദിക്കില്ല. പൊതുയിടങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടി നിൽക്കരുത്. ക്വാറൻറൈനിൽ കഴിയുന്ന ജനമൈത്രി പോലീസ് നിരീക്ഷിക്കും. മാസ്‌ക്, സാമൂഹിക അകൽ പാലിക്കൽ തുടങ്ങിയ കോവിഡ് നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.