Tuesday, April 15, 2025
National

ഗുജറാത്ത് സ്വദേശികളായ നാലംഗ കുടുംബമുൾപ്പടെ എട്ടുപേർ അമേരിക്ക-കാനഡ അതിർത്തിയിൽ മരണപ്പെട്ടു

ഗുജറാത്ത് സ്വദേശികളായ നാലംഗ കുടുംബമുൾപ്പടെ എട്ടുപേർ അമേരിക്ക കാനഡ അതിർത്തിയിൽ മരണപ്പെട്ടു. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിൽനിന്നുള്ള പ്രവീൺഭായ് ചൗധരി ഭാര്യ ദക്ഷബെൻ ചൗധരി മകൻ മീത് ചൗധരി മകൾ വിധിചൗദരി എന്നിവരാണ് അമേരിക്കയുടെയും അതിർത്തി പ്രദേശത്തുള്ള സെന്റ് ലോറൻസ് നദിയിൽ ബോട്ടപകടത്തിൽ മരണപ്പെട്ടത്. നാലുപേരടങ്ങുന്ന കുടുംബം മെഹ്‌സാന ജില്ലയിലെ മനക്പുര എന്ന പ്രദേശത്തു നിന്നുള്ളവർ ആണെന്നും ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ബന്ധുക്കളിൽ നിന്ന് ശേഖരിച്ച് വരികയാണെന്നും മെഹ്‌സാനയിലെ പോലീസ് ഉദ്യോഗസ്ഥൻ അചൽ ത്യാഗി പറഞ്ഞു.

കാനഡയിൽ പോകാൻ ടൂറിസ്റ്റ് വിസ എടുത്ത ഇവർ മനുഷ്യക്കടത്തുമായി ബന്ധമുള്ള ഏതെങ്കിലും ലോക്കൽ ടൂർ ഓപ്പറേറ്ററുടെ സഹായത്തോടെ നിയമവിരുദ്ധമായി കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ചതായിരിക്കുമെന്ന് പോലീസ് കരുതുന്നു. ജഷൂ ചൗധരി എന്ന പ്രവീൺഭായിയുടെ ബന്ധു കാനഡയിലേക്ക് അവർ അവധി ആഘോഷിക്കാൻ പോകുന്നതായി പറഞ്ഞിരുന്നതായി അറിയിച്ചു. കുറച്ചധികം വർഷങ്ങളായി ഗുജറാത്തിലെ കലോൽ, മെഹ്‌സാന, കാദി തുടങ്ങിയ പ്രദേശത്തുനിന്ന് ധാരാളംപേർ കൂടുതൽ മെച്ചപ്പെട്ട ജീവിതം തേടിയും കൂടുതൽ തൊഴിലവസരങ്ങൾക്കു വേണ്ടിയും വിദേശ രാജ്യത്തേക്ക് കടക്കുന്ന പതിവുണ്ട്. അങ്ങനെ പോകുന്ന പലരും നിയമവിരുദ്ധമായ മാർഗങ്ങൾ സ്വീകരിക്കാറുമുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇത്തരം നിയമവിരുദ്ധ മാർഗങ്ങൾ സ്വീകരിക്കുന്ന സംഭവങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. അവരിൽ പലരും ഇതുപോലെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. 2022 ലെ ടിങ്കുചാ ദുരന്തത്തോടെയാണ് ക്യാനഡയിലേക്കുള്ള മനുഷ്യക്കടത്തിനെക്കുറിച്ച് പുറംലോകം അറിയുന്നത്. കഴിഞ്ഞവർഷം ജനുവരിയിൽ ഒരു ഗുജറാത്തി കുടുംബം കാനഡയിൽ മോശം കാലാവസ്ഥമൂലം മരിച്ചിരുന്നു. അന്വേഷണത്തിൽ അവർ നിയമവിരുദ്ധമായി രാജ്യത്തുവന്നവരാണെന്ന് കനേഡിയൻ പോലീസ് കണ്ടെത്തി. അതേത്തുടർന്ന് ഗുജറാത്ത് പോലീസും സംസ്ഥാന ഏജൻസികളും ഇവരെ കടത്താൻ സഹായിച്ചവരെ തിരയാൻ ആരംഭിച്ചു. അതേവർഷം ഡിസംബർ പതിനാലിന് ഈ കേസിലെ പ്രധാന ബുദ്ധികേന്ദ്രമായ ബോബി എന്ന ഭാരത് പട്ടേലിനെ ഗുജറാത്ത് പോലീസ് അഹമ്മദാബാദിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ടിങ്കുച്ച ദുരന്തത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നു പോലീസിന് വ്യക്തമായി. ഒരു ചാരിറ്റിബിൾ ട്രസ്റ്റിന്റെ മറവിൽ ചൂതാട്ടകേന്ദ്രം നടത്തിവരികയായിരുന്നു ഇയാൾ. സംഭവവുമായി ബന്ധപ്പെട്ട് ഈ വർഷം ജനുവരിയിൽ രണ്ടുപേരെകൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *