Friday, January 10, 2025
National

രാഹുലൊഴികെ എല്ലാവരെയും വാങ്ങാൻ അംബാനിക്കും അദാനിക്കും കഴിയും’; പ്രിയങ്ക ഗാന്ധി

രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇതിനായി കോടിക്കണക്കിന് രൂപ ഉപയോഗിക്കുന്നു. അദാനിയെയും അംബാനിയെയും പോലെയുള്ള വൻകിട വ്യവസായികൾക്ക് മറ്റ് നേതാക്കളെ വിലകൊടുത്തു വാങ്ങാൻ കഴിയുമെന്നും എന്നാൽ തൻ്റെ സഹോദരനെ അതിന് കിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

‘എന്റെ പ്രിയ ജ്യേഷ്ഠാനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. കാരണം നിങ്ങളുടെ പ്രതിച്ഛായ തകർക്കാൻ സർക്കാർ ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ചിട്ടും നിങ്ങൾ പിന്മാറിയില്ല. അദാനിയും അംബാനിയും നേതാക്കളെ വാങ്ങി, പൊതുമേഖലാ സ്ഥാപനങ്ങളെ വാങ്ങി, മാധ്യമങ്ങളെ വാങ്ങി, പക്ഷേ എന്റെ സഹോദരനെ വാങ്ങാൻ കഴിഞ്ഞില്ല’ – ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് പ്രവേശിച്ച ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്ന ശേഷം പ്രിയങ്ക ഗാന്ധി പറഞ്ഞു.

സത്യത്തിന്റെ കവചമാണ് രാഹുലിനെ സംരക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ ജീവനെ കുറിച്ച് തനിക്ക് ഭയമില്ല. സത്യത്തിന്റെ പാത പിന്തുടരുന്നതിന് തന്റെ സഹോദരനെ പ്രശംസിച്ച പ്രിയങ്ക യാത്രയിൽ പങ്കെടുത്തവരോട് ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും ആദരവിന്റെയും സന്ദേശം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും തുടർന്നും കൊണ്ടുപോകാൻ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *