ജലന്ധർ രൂപതയിൽ കന്യാസ്ത്രീ മരിച്ച നിലയിൽ, ആത്മഹത്യയെന്ന് രൂപത; ദുരൂഹതയെന്ന് ബന്ധുക്കൾ
ജലന്ധർ രൂപതാ പരിധിയിലെ കോൺവെന്റിൽ 31കാരിയായ കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. അർത്തുങ്കൽ കാക്കിരിയിൽ ജോൺ ഔസേഫിന്റെ മകൾ മേരി മേഴ്‌സിയാണ് മരിച്ചത്. മേരി ആത്മഹത്യ ചെയ്തുവെന്നാണ് സഭാ അധികൃതർ ബന്ധുക്കളെ അറിയിച്ചത്. എന്നാൽ മകൾക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും സംഭവത്തിൽ സംശയമുണ്ടെന്നും കാണിച്ച് പിതാവ് കലക്ടർക്ക് പരാതി നൽകി
സാദിക് ഔവർലേഡി ഓഫ് അസംപ്ഷൻ കോൺവെന്റിലായിരുന്നു മേരി മേഴ്‌സി നാല് വർഷമായി പ്രവർത്തിച്ചിരുന്നത്. 29ന് രാത്രിയും ഇവർ വീട്ടിലേക്ക് വളരെ സന്തോഷത്തോടെ വിളിച്ചിരുന്നു. ഇന്ന് ഇവർ പിറന്നാൾ ആഘോഷിക്കാനും ഇരിക്കുകയായിരുന്നു. മരണത്തിലും ജലന്ധറിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.
എന്നാൽ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് പോസ്റ്റുമോർട്ടം നടത്തിയതെന്ന് രൂപതാ അധികൃതർ അവകാശപ്പെടുന്നു. മേരി മേഴ്‌സി എഴുതിയെന്ന് ഇവർ അവകാശപ്പെടുന്ന ആത്മഹത്യാക്കുറിപ്പും പുറത്തുവിട്ടിട്ടുണ്ട്.