മുല്ലപ്പെരിയാർ: മുന്നറിയിപ്പില്ലാതെ ഷട്ടർ തുറന്നത് ഗുരുതരം; തമിഴ്‌നാട് റൂൾ കർവ് പാലിച്ചില്ലെന്ന് മന്ത്രി റോഷി
മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് തുറന്നത് കോടതിയലക്ഷ്യവും ഗുരുതരവുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. തമിഴ്‌നാട് റൂൾ കർവ് പാലിച്ചില്ല. ഇക്കാര്യം പരാതിയായി സുപ്രീം കോടതിയെ അറിയിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാടുമായി നേരിട്ട് സംസാരിക്കും. നടപടികൾ പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് അറിയിക്കും
ഒരു സർക്കാരിൽ നിന്ന് പ്രതീക്ഷിക്കാത്ത നടപടിയാണ് തമിഴ്‌നാടിന്റെ ഭാഗത്ത് നിന്നുണ്ടായത്. 142 അടിയിൽ ജലം നിലനിർത്താൻ തമിഴ്‌നാടിന് വ്യഗ്രതയാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ഡാമിലെ ജലനിരപ്പ് 142 അടിയായി നിലനിർത്താൻ നടപടിയെടുക്കണം. രാത്രിയിൽ മുന്നറിയിപ്പില്ലാതെ ഇങ്ങനെ വെള്ളമൊഴുക്കുന്ന ഗുരുതര സാഹചര്യമുണ്ടാക്കരുതെന്നും റോഷി പ്രതികരിച്ചു.