ഹലോ’ വേണ്ട, സംഭാഷണം തുടങ്ങേണ്ടത് ‘വന്ദേമാതരം’ പറഞ്ഞ്; സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് മഹാരാഷ്ട്ര സര്‍ക്കാര്‍
ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഫോണ്‍ ഉപയോഗിക്കുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഹലോ എന്ന് പറയുന്നതിന് പകരമായി വന്ദേമാതരം എന്ന് പറയണമെന്ന നിര്‍ദേശവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. ഉദ്യോഗസ്ഥര്‍ എല്ലാ ഫോണ്‍ സംഭാഷണങ്ങളും വന്ദേമാതരം പറഞ്ഞുകൊണ്ട് ആരംഭിക്കാന്‍ എല്ലാ വകുപ്പ് തലവന്മാരും പ്രോത്സാഹനം നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഹലോ മാറ്റി പകരം വന്ദേ മാതരം പറയുക എന്നത് അടിച്ചേല്‍പ്പിക്കുകയല്ല പകരം ഇത്തരമൊരു ശീലം പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമല്ല, സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരും വന്ദേ മാതരം പറഞ്ഞ് സംഭാഷണം ആരംഭിക്കാന്‍ ശീലിക്കണമെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഗവണ്‍മെന്റ് റെസല്യൂഷന്‍ പറയുന്നത്. ഇന്നലെയാണ് ഇത് പുറത്തിറങ്ങിയതെങ്കിലും ഗാന്ധി ജയന്തി ദിനമായ ഇന്നുമുതലാണ് സംസ്ഥാനമെമ്പാടും പുതിയ മാറ്റത്തിനായുള്ള ക്യാംപെയ്ന്‍ ആരംഭിക്കുന്നത്.
വന്ദേ മാതരമെന്നാല്‍ മാതാവിന് മുന്നില്‍ പ്രണമിക്കുക എന്നാണ് അര്‍ഥം. ഹലോ പറയുന്നത് പാശ്ചാത്യസംസ്‌കാരത്തിന്റെ ഭാഗമാണ്. ഇത്തരമൊരു സംസ്‌കാരം സംസ്ഥാനമാകെ വളര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സുധിര്‍ മുംഗന്തിവാര്‍ പറഞ്ഞു. വാര്‍ധയില്‍ വച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം മുംഗന്തിവാറാണ് ക്യാംപെയ്‌ന് തുടക്കം കുറിച്ചത്.