കോളേജുകള്‍ ഒക്ടോബര്‍ ഒന്നിന് തുറക്കുന്നു
ബെംഗളൂരു: കോളേജുകള്‍ ഒക്ടോബര്‍ ഒന്നിന് തുറക്കുന്നു. കര്‍ണാടകത്തിലാണ് കോളേജുകള്‍ തുറക്കാന്‍ നടപടി തുടങ്ങിയത്. ഉപമുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ അശ്വത് നാരായണയാണ് ഇക്കാര്യം അറിയിച്ചത്. വിവിധ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ സെപ്തംബറില്‍ ആരംഭിക്കും. ഓഫ്‌ലൈന്‍ ക്ലാസുകള്‍ ഒക്‌ടോബറില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ വന്നാല്‍ ഉടന്‍ അന്തിമ തീരുമാനമുണ്ടാകും. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷകളും നടത്തും. സുരക്ഷ ഉറപ്പാക്കി അധ്യയനം ആരംഭിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും മന്ത്രി വ്യക്തമാക്കി.
ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ നേരത്തെ കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. രാജ്യത്തെ എല്ലാം സംസ്ഥാനങ്ങളും വ്യക്തികളുടേയും ചരക്കുകളുടേയും സുഗമമായ നീക്കം ഉറപ്പാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന് പിന്നാലെയാണ് എല്ലാത്തരം യാത്രാ നിയന്ത്രണങ്ങളും കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചത്.