കോവിഡ് ഡെൽറ്റ ഉപവകഭേദം: കേരളത്തിൽ എ.വൈ.1 കൂടിവരുന്നു
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമാവാൻ കാരണമായ ഡെൽറ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം കേരളത്തിൽ കൂടിവരുന്നതായി റിപ്പോർട്ട്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ അഞ്ചുജില്ലയിലാണ് ഡെൽറ്റയുടെ ഉപവകഭേദമായ എ.വൈ. 1 കണ്ടെത്തിയിരിക്കുന്നത്. ഇത് ആനുപാതികമായി ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്.
അതേസമയം, എ.വൈ. 1 ഇപ്പോഴുള്ള ഡെൽറ്റയെക്കാൾ അപകടകാരിയാണോ എന്ന് വ്യക്തമായിട്ടില്ല. ഓഗസ്റ്റിൽ പരിശോധിച്ച 909 സാംപിളുകളിൽ 424 എണ്ണത്തിലും ഡെൽറ്റയുടെ പുതിയ ഉപവകഭേദങ്ങളുടെ സാന്നിധ്യമുണ്ട്.
പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് എ.വൈ. 1 കണ്ടെത്തിയത്. സംസ്ഥാനത്ത് ജൂണിൽ ഏതാണ്ട് അരശതമാനവും ജൂലായിൽ ഒരു ശതമാനവുമായിരുന്ന എ.വൈ. 1 വകഭേദത്തിന്റെ സാന്നിധ്യം ഓഗസ്റ്റിൽ ആറുശതമാനമായി. അഞ്ചുശതമാനത്തിലേറെ എ.വൈ. 1 കണ്ടെത്തിയത് കേരളത്തിൽമാത്രമാണെന്ന് പഠനസംഘത്തിലെ ഡോ. വിനോദ് സ്കറിയ പറഞ്ഞു. കേരളം കഴിഞ്ഞാൽ ആനുപാതികമായി മഹാരാഷ്ട്രയിലാണ് ഇത് കൂടുതലുള്ളത്.