Wednesday, January 8, 2025
Kerala

സംസ്ഥാനത്ത് ചൂട് കൂടിവരുന്നു; കരുതൽ വേണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് ചൂട് കൂടിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചില ഇടങ്ങളിൽ 37 ഡിഗ്രി വരെ താപനില ഉയരുന്നു. കോട്ടയം, ആലപ്പുഴ തുടങ്ങിയ ഇടങ്ങളിൽ സാധാരണ ഈ സമയത്ത് പ്രതീക്ഷിക്കുന്നതിലും കൂടിയ താപനില രേഖപ്പെടുത്തുന്നുണ്ട് എന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഉയർന്ന ചൂട് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. ഉഷ്ണകാല രോഗങ്ങളായ ഉഷ്ണ തരംഗം, സൂര്യാഘാതം, സൂര്യതാപം എന്നിവയെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നേ തന്നെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. വേനൽക്കാല പ്രശ്നങ്ങൾ അവലോകനം ചെയ്യുകയും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നേരത്തെ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. പൊതുജനങ്ങൾ പ്രത്യേകമായി ഈ വിഷയത്തിൽ ജാഗ്രത പാലിക്കണം.

ദാഹമില്ലാത്ത സമയത്തു പോലും ധാരാളം വെള്ളം കുടിക്കണം. പഴവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. വയോജനങ്ങൾ, കുട്ടികൾ, രോഗികൾ, മുലയൂട്ടുന്ന അമ്മമാർ, ഗർഭിണികൾ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. ചൂട് ഉച്ചസ്ഥായിലെത്തുന്ന പല 11 മുതൽ 3 മണി വരെയുള്ള സമയത്ത് കൂടുതൽ ജാഗ്രത വേണം. ഈ സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്ന ജോലികളിൽ ഏർപ്പെടാതിരിക്കാൻ ശ്രമിക്കണം.

ചൂട് കൂടുന്ന ഇടങ്ങളിൽ തൊഴിൽസമയം പുനക്രമീകരിക്കാൻ തൊഴിൽ വകുപ്പ് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ ലേബർ ഓഫീസർമാർ ഇത് പരിശോധിച്ച് ഉറപ്പുവരുത്തുന്നുണ്ട്. തൊഴിലുടമകൾ പൂർണമായും ഇതിനോട് സഹകരിക്കണം. അതിഥി തൊഴിലാളികളിലേക്കും സുരക്ഷാമുൻകരുതലുകൾ എത്തിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേകമായിത്തന്നെ ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയും വേണം. കവലകൾ, മാർക്കറ്റുകൾ, തുടങ്ങിയ പൊതു ഇടങ്ങളിലൊക്കെ ജനകീയ കൂട്ടായ്മകളുടെ നേതൃത്വത്തിൽ കുടിവെള്ളം ലഭ്യമാക്കുന്ന ഇടപെടലുകൾ നടത്താവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *