Sunday, January 5, 2025
National

ഇന്ധനവിലയിൽ ഇടിവ്; വിമാന യാത്രാ ചെലവ് കുറയും

വിമാന യാത്രയ്ക്ക് ചെലവ് കുറയും. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില 12 ശതമാനം കുറയുന്നതിന്റെ അടിസ്ഥാനത്തിലാണ് ചെലവ് കുറയുന്നത്. രാജ്യാന്തര വിപണിയിൽ എണ്ണവിലയിൽ ഉണ്ടായ ഇടിവ് കണക്കിലെടുത്താണ് വിമാന ഇന്ധന വിലയിൽ കുറവ് വരുത്തുന്നത്.

രണ്ടാഴ്ചയിലെ അന്താരാഷ്ട്ര എണ്ണവിലയുടെ നിരക്കിനെ അടിസ്ഥാനമാക്കി എല്ലാ മാസവും 1, 16 തീയതികളിൽ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില പരിഷ്കരിക്കാറുണ്ട്. മുംബൈയിൽ ഒരു കിലോലിറ്റർ ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില 1,20,875.86 ആണ്.

ഈ വർഷം ആരംഭിച്ചതിന് ശേഷം 11 തവണ നിരക്ക് വർധിപ്പിച്ചിരുന്നു. ആറുമാസത്തിനുള്ളിൽ നിരക്ക് ഏകദേശം ഇരട്ടിയായിരുന്നു. ഒരു വിമാനക്കമ്പനിയുടെ പ്രവർത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനവും ജെറ്റ് ഇന്ധനമായതിനാൽ, വിലയിലെ വർദ്ധനവ് വിമാനത്തിന്റെ ചെലവ് വർധിപ്പിക്കുന്നതിന് കാരണമായി. ഇതിനാണ് ഇപ്പോൾ നേരിയ ആശ്വാസം ഉണ്ടായിരിക്കുന്നത്. ഇതോടെ വിമാന ടിക്കറ്റിന്റെ നിരക്കും കുറഞ്ഞേക്കും.

അതേസമയം റഷ്യ-യുക്രൈന്‍ യുദ്ധം മൂലം ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില ഉയരുന്നത് ഇന്ത്യൻ വിമാനക്കമ്പനികളുടെ ലാഭക്ഷമതയെ ദോഷകരമായി ബാധിച്ചിരുന്നു. ഇന്ധനത്തിന് മാത്രമായി വരുമാനത്തിന്റെ വലിയൊരു പങ്ക് ചെലവഴിക്കേണ്ടി വന്നതോടെ വിമാന കമ്പനികൾ നിരക്ക് ഉയർത്തിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *