ഇത് കർണാടകയുടെ സംസ്‌കാരം; ഹനുമാനെ ആരാധിക്കുന്നവരെ നിരോധിക്കുമെന്ന തീരുമാനം ദൗർഭാഗ്യകരം; നരേന്ദ്ര മോദി
ബജ്റംഗ്ദൾ നിരോധിക്കുമെന്ന കോൺഗ്രസ് പ്രഖ്യാപനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന് ശ്രീരാമനായിരുന്നു പ്രശ്‌നം. ഇപ്പോൾ ജയ് റാം വിളിക്കുന്നവരും പ്രശ്നക്കാരാണ്.
ഹനുമാനെ ആരാധിക്കുന്നവരെ നിരോധിക്കുമെന്ന തീരുമാനം ദൗർഭാഗ്യകരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കർണാടകയിലെ സംസകാരത്തിനെതിരെ നിൽക്കാൻ ആരെയും അനുവദിക്കില്ലെന്നും കർണാടകയിലെ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
കർണാടകയിൽ ബിജെപിയുടെ സംവരണ രാഷ്ട്രീയത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകി കോൺഗ്രസ് പ്രകടന പത്രിക. 50% സംവരണ പരിധി 70% ആക്കി ഉയർത്തുമെന്നും മുസ്ലിം സംവരണം റദ്ദാക്കിയത് പുന:സ്ഥാപിക്കുമെന്നും പ്രകടന പത്രിക അവകാശപ്പെടുന്നു. സംഘപരിവാർ സംഘടന ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന പ്രഖ്യാപനവും കോൺഗ്രസ് പ്രകടന പത്രികയിലുണ്ട്.
സംവരണ കാർഡിറക്കിയും, വൈകാരിക – ജനകീയ പ്രഖ്യാപനങ്ങളുമായാണ് കോൺഗ്രസ് പ്രകടന പത്രിക പുറത്തിറങ്ങിയത്. എസ് സി സംവരണം 15 ശതമാനത്തിൽ നിന്ന് 17 ആയും എസ് ടി സംവരണം മൂന്നിൽ നിന്ന് ഏഴ് ശതമാനമായും ഉയർത്തും. ലിംഗായത്ത്, വൊക്കലിഗ വിഭാഗത്തെ പരിഗണിക്കുന്നതിനൊപ്പം മുസ്ലിം സംവരണം റദ്ദാക്കിയത് പുന:സ്ഥാപിക്കുമെന്നും പ്രകടന പത്രിക അവകാശപ്പെടുന്നു.
സൗജന്യ വൈദ്യുതി, കുടുംബനാഥയ്ക്ക് 2000 രൂപ പ്രതിമാസ ഓണറേറിയം, ബിപിഎൽ കുടുംബങ്ങൾക്ക് ഓരോ മാസവും 10 കിലോ വീതം ധാന്യം, തൊഴിൽരഹിതരായ അഭ്യസ്ഥവിദ്യർക്ക് പ്രതിമാസ ധനസഹായം, സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര ഇങ്ങനെ പോകുന്നു പ്രഖ്യാപനങ്ങൾ. സംഘപരിവാർ സംഘടന ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന പ്രഖ്യാപനവും കോൺഗ്രസ് പ്രകടന പത്രികയിലുണ്ട്.
അതേസമയം മുസ്ലിം പ്രീണനം ലക്ഷ്യമിട്ടുള്ള പ്രകടന പത്രികയെന്ന് ബിജെപി തിരിച്ചടിച്ചു. സംവരണ വിഷയത്തിലടക്കം കോൺഗ്രസ് പ്രഖ്യാപനങ്ങളൊന്നും നടപ്പാകില്ലെന്നും ബിജെപി പരിഹസിച്ചു.