തമിഴ്‌നാട്ടിലേക്കുള്ള സർവീസുകൾ കെ എസ് ആർ ടി സി പുനരാരംഭിച്ചു
തമിഴ്‌നാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ പുനരാരംഭിച്ചു. ലോക്ഡൗൺ കാലത്ത് നിർത്തിയ സർവീസുകളാണ് ഒന്നര വർഷത്തിന് ശേഷം തുടങ്ങിയത്. കോവിഡ് വ്യാപന സമയത്ത് അന്തർ സംസ്ഥാന സർവീസുകൾ നിർത്തിവച്ചിരുന്നു. ഇതിനുശേഷം കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്ക് സർവീസുകൾക്ക് അനുമതി ലഭിച്ചുവെങ്കിലും തമിഴ്‌നാട് ഇതുവരെയും അനുമതി നൽകിയിരുന്നില്ല.
ഗതാഗതമന്ത്രി ആൻറണി രാജു ഡിസംബർ 6ന് തമിഴ്നാട് ഗതാഗത മന്ത്രിയോട് ചർച്ച നടത്താനിരിക്കെയാണ് തമിഴ്നാട് അനുമതി നൽകിയത്. ശബരിമല തീർത്ഥാടനവും സാധാരണക്കാരുടെ ബുദ്ധിമുട്ടും പരിഗണിച്ച് ബസ് സർവീസുകൾ പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിയന്ത്രണം പിൻവലിച്ചത്.
കെ.എസ്.ആർ.ടി.സി സർവീസിനൊപ്പം തമിഴ്നാട്ടിലെ വിവിധ ജില്ലകളിലേക്ക് സ്വകാര്യ ബസുകൾക്കും ഇനി മുതൽ സർവീസ് നടത്താം. അതേസമയം ലോക്കൽ ബസുകളുടെ സർവീസ് പുനരാരംഭിച്ചിട്ടില്ല