റോഡ് അപകടത്തില്‍ ഗുരുതര പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് പാരിതോഷികം
ന്യൂഡല്‍ഹി: റോഡ് അപകടത്തില്‍ ഗുരുതര പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്ന പദ്ധതിയുമായി കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം. ഒക്ടോബര്‍ 15 മുതല്‍ ആയിരിക്കും പദ്ധതി ആരംഭിക്കുക. റോഡ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ ‘ഗോള്‍ഡന്‍ അവര്‍’ എന്ന് വിളിക്കപ്പെടുന്ന നിര്‍ണ്ണായക മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചാല്‍ 5000 രൂപ പരിതോഷികം ലഭിക്കും.
ഒന്നിലധികം ആളുകളെ ആശുപത്രിയില്‍ എത്തിച്ചാലും ഇതേ തുകയെ ലഭിക്കുകയുള്ളൂ. മാര്‍ച്ച് 2026വരെ ഈ പദ്ധതി ഉണ്ടാകും എന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിക്കുന്നത്. റോഡ് അപകടങ്ങളെ തുടര്‍ന്ന് ശരിയായ സമയത്ത് ചികിത്സ കിട്ടാതെ മരിക്കുന്നവരുടെ എണ്ണം കുറയ്ക്കാനും, ഇവരെ ചികില്‍സയ്ക്ക് എത്തിക്കാനുള്ള ജനങ്ങളുടെ സന്നദ്ധത പ്രോത്സാഹിപ്പിക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഗുരുതരമായ അപകടം പറ്റിയവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്കാണ് പാരിതോഷികം. അപകടം സംഭവിച്ച ഇര എന്തെങ്കിലും ശസ്ത്രക്രിയയ്ക്ക് വിധേയനായിരിക്കണം, മൂന്ന് ദിവസമെങ്കിലും ആശുപത്രി വാസം വേണം, തലച്ചോര്‍, നട്ടെല്ല് എന്നിവയ്ക്ക് പരിക്ക് പറ്റിയിരിക്കണം. കൂടുതല്‍പ്പേര്‍ ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കുന്നതെങ്കില്‍ 5000 രൂപ വീതംവച്ച് നല്‍കും. കൂടാതെ ഇത്തരം കേസുകള്‍ പരിഗണിച്ച് വര്‍ഷവും ദേശീയ തലത്തില്‍ മികച്ച രക്ഷപ്പെടുത്തല്‍ നടത്തിയ വ്യക്തിക്കോ വ്യക്തികള്‍ക്കോ ഒരു ലക്ഷം രൂപ പാരിതോഷികവും നല്‍കും.
അപകടം നടന്നാല്‍ അത് പോലീസിനെ അറിയിക്കണം. പോലീസ് ആശുപത്രിയില്‍ എത്തിക്കുന്നയാള്‍ക്ക് ഒരു രസീത് നല്‍കും. ഇതിനൊപ്പം ഡോക്ടറുടെ ലെറ്റര്‍പാഡില്‍ ഒരു കത്തും വാങ്ങണം. ഇത് ജില്ലാതലത്തിലുള്ള റിവ്യൂ കമ്മിറ്റിക്ക് അയക്കണം. ജില്ല കളക്ടര്‍ അധ്യക്ഷനായതായിരിക്കും ഈ സമിതി. ഇവരാണ് ഇത്തരം കേസുകള്‍ പരിശോധിച്ച് പരിതോഷികം നല്‍കേണ്ട കേസുകളാണോ എന്ന് തീരുമാനിക്കുക.