Friday, January 10, 2025
National

മോദി സര്‍ക്കാരിന്റെ ആരോപണങ്ങള്‍ക്ക് പ്രതിപക്ഷ സഖ്യം മറുപടി പറയുക 2024-ല്‍ തെരഞ്ഞെടുപ്പ് വിജയിച്ചുകൊണ്ടാകും: ഖര്‍ഗെ

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രിയ്‌ക്കെതിരെ വിമര്‍ശനവുമായി എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ. മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറാകാത്ത പ്രധാനമന്ത്രിയ്ക്ക് പ്രതിപക്ഷത്തെ വിമര്‍ശിക്കാനാണ് താല്‍പ്പര്യമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ കുറ്റപ്പെടുത്തി. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളുകളായി. പ്രസ്താവന നടത്താന്‍ പോലും പ്രധാനമന്ത്രി തയ്യാറാവുന്നില്ല. കേന്ദ്രം പറയുന്നത് ചര്‍ച്ചക്ക് അവര്‍ തയാറാണ് എന്നാണ്. എന്നാല്‍ പ്രതിപക്ഷമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് എന്നാണ് അവരുടെ വാദം. പ്രതിപക്ഷ സഖ്യം 12 ദിവസം ആയി ഉന്നയിക്കുന്ന കാര്യം മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തണം എന്നാണ്. പ്രധാനമന്ത്രി പ്രതികരിക്കണമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

പ്രധാനമന്ത്രിക്ക് രാജസ്ഥാനില്‍ പോകാനും മഹാരാഷ്ട്രയില്‍ പോകാനും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാനുമാണ് തിടുക്കമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ കുറ്റപ്പെടുത്തുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു എന്നാരോപിച്ച് കേന്ദ്രം തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണ്. ഹൃസ്വ ചര്‍ച്ചക്ക് തയ്യാറല്ല പാര്‍ലമെന്റ് നടപടികള്‍ നിര്‍ത്തിവച്ച് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷത്തിന് മേല്‍ മോദി സര്‍ക്കാര്‍ ആരോപിക്കുന്ന കാര്യങ്ങളോട് പ്രതികരിക്കുന്നത് 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയിച്ച് കൊണ്ടാകുമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

അതിനിടെ മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഇന്ന് സുപ്രിംകോടതിയും രൂക്ഷവിമര്‍ശനം ഉയര്‍ത്തി. ഭരണഘടനാ സ്ഥാപനങ്ങളുടെ ഗുരുതരമായ വീഴ്ചയാണ് മണിപ്പൂരില്‍ സംഭവിച്ചതെന്ന് സുപ്രിംകോടതി കുറ്റപ്പെടുത്തി. ജനങ്ങള്‍ളുടെ ജീവനും സ്വത്തിനും സുരക്ഷയും സംരക്ഷണവും ഒരുക്കേണ്ട സംവിധാനങ്ങള്‍ മണിപ്പൂര്‍ വിഷയത്തില്‍ നിശബ്ദരായി നിന്നെന്നും സുപ്രിംകോടതി വിമര്‍ശിച്ചു. മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി.

Leave a Reply

Your email address will not be published. Required fields are marked *