സഹോദരനെ മാതാപിതാക്കൾ കൂടുതൽ സ്നേഹിക്കുന്നെന്ന തോന്നൽ; 12കാരനായ അനുജനെ കൊലപ്പെടുത്തി 15 വയസുകാരി
12 വയസുകാരനായ അനുജനെ കൊലപ്പെടുത്തി 15 വയസുകാരി. ഹരിയാനയിലെ ബല്ലഭ്ഗറിലാണ് സംഭവം. മാതാപിതാക്കൾ സഹോദരനെ കൂടുതൽ സ്നേഹിക്കുന്നു എന്ന് തോന്നിയതോടെയാണ് കുട്ടി 12 വയസുകാരനെ കൊലപ്പെടുത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരം മാതാപിതാക്കൾ വീട്ടിൽ നിന്ന് വരുമ്പോൾ മകൻ ഒരു വിരിപ്പിനടിയിൽ ചലനമില്ലാതെ കിടക്കുന്നതാണ് കണ്ടെത്. ആദ്യം കുട്ടിയെ ഉണർത്താൻ ഇവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് വിരിപ്പ് മാറ്റിയപ്പോൾ അവർ മകൻ്റെ കഴുത്തുഞെരിച്ചതായി കണ്ടെത്തി. ഈ സമയത്ത് പെൺകുട്ടി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
വിവരമറിഞ്ഞ് പൊലീസ് എത്തിയതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിഞ്ഞത്. ഉത്തർ പ്രദേശിലുള്ള മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് രണ്ട് കുട്ടികളും താമസിച്ചിരുന്നത്. വേനലവധിക്കാലം മാതാപിതാക്കൾക്കൊപ്പം ചെലവഴിക്കാൻ ഈയിടെയാണ് കുട്ടികൾ ബല്ലഭ്ഗറിലെത്തിയത്. തന്നെക്കാൾ മാതാപിതാക്കൾ സഹോദരനെ സ്നേഹിക്കുന്നു എന്ന് പെൺകുട്ടി വിശ്വസിച്ചിരുന്നതായി പൊലീസ് പറയുന്നു. മകന് മാതാപിതാക്കൾ ഒരു മൊബൈൽ ഫോൺ നൽകിയിരുന്നു. ചൊവ്വാഴ്ച, കുട്ടി മൊബൈലിൽ ഗെയിം കളിച്ചുകൊണ്ടിരിക്കെ പെൺകുട്ടി മൊബൈൽ ആവശ്യപ്പെട്ടു. എന്നാൽ, ഫോൺ നൽകാൻ ആൺകുട്ടി വിസമ്മതിച്ചു. ഇതിൽ ദേഷ്യം പിടിച്ച പെൺകുട്ടി സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.