ഈ ദൃശ്യങ്ങൾ പാകിസ്താനിലേതല്ല, ഹൈദ്രാബാദിലേത്; പൂട്ടിട്ടത് ഒരു മൃതദേഹത്തിന് മേൽ മറ്റൊരു മൃതദേഹം മറവ് ചെയ്യാതിരിക്കാൻ
കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ചർച്ചയായ ഒരു ചിത്രമുണ്ട്. ശവകല്ലറ ഗ്രില്ലിട്ട് പൂട്ടി വച്ചിരിക്കുന്ന ചിത്രമായിരുന്നു അത്. പാക്‌സിതാനിൽ പെൺകുട്ടികളുടെ മൃതദേഹം പുറത്തെടുത്ത് പീഡിപ്പിക്കുന്നത് തടയാൻ മാതാപിതാക്കൾ കല്ലറ ഗ്രില്ലിട്ട് പൂട്ടുന്നുവെന്നാണ് പ്രചരിക്കുന്ന ചിത്രത്തിന് നൽകിയിരിക്കുന്ന തലക്കെട്ട്.
വാർത്താ മാധ്യമമായ എഎൻഐ ആണ് ഇത് സംബന്ധിച്ച് ആദ്യം വാർത്ത നൽകുന്നത്. പിന്നാലെ എൻടിഡിവി, ഹിന്ദുസ്ഥാൻ ടൈംസ് പോലുള്ള മാധ്യമങ്ങളും വാർത്ത നൽകി. എന്നാൽ ഈ വാർത്ത തെറ്റാണ്. ഓൾട്ട് ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ പുറത്ത് വന്നത്.
യഥാർത്ഥത്തിൽ ഈ ചിത്രം ഹൈദരാബാദിലെ മസ്ജിദ് ഇ സലാർ മുൽകിന് നേരെ എതിർവശം സ്ഥിതി ചെയ്യുന്ന ഖബറിടത്തിലേതാണ്. രണ്ട് വർഷം മുൻപാണ് 70 കാരിയായ വയോധിക മരിച്ച് ഈ ഖബടിറത്തിൽ മറവ് ചെയ്തത്. അവർ മരിച്ച് 40 ദിവസത്തിന് ശേഷം മകനാണ് ഇത്തരത്തിൽ ശവക്കല്ലറ ഗ്രില്ലിട്ട് താഴിട്ടത്.
ഇവിടെ പഴയ ഖബറിടങ്ങൾക്ക് മുകളിൽ തന്നെ പലരും ബന്ധുക്കളെ മറവ് ചെയ്യാറുണ്ടെന്ന് പള്ളി അധികൃതർ ഓൾട്ട് ന്യൂസിനോട് പറഞ്ഞു. ഇത് തടയാനാണ് അമ്മയുടെ ഖബറിടം മകൻ ഗ്രില്ലിട്ട ശേഷം താഴിട്ട് പൂട്ടിയത്. മാത്രമല്ല, ഖബറിടം സ്ഥിതി ചെയ്യുന്നത് പ്രവേശന കവാടത്തിന്റെ തൊട്ടടുത്ത് തന്നെയാണ്. വിവിധ ഖബറിടങ്ങൾ സന്ദർശിക്കാൻ എത്തുന്നവർ അമ്മയുടെ ഖബറിടത്തിൽ അറിയാതെ ചവിട്ടരുതെന്ന ഉദ്ദേശവും ഈ ഗ്രില്ലിടലിന് പിന്നിലുണ്ട്.