ബാലാവകാശ സംരക്ഷണ കമ്മീഷനെ മര്‍ദിച്ചെന്ന പരാതി: പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത് ബംഗാള്‍ സര്‍ക്കാര്‍
ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കനൂംഗോയെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ നടപടിയുമായി ബംഗാള്‍ സര്‍ക്കാര്‍.പ്രിയങ്കിനെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ നിര്‍ബന്ധിത അവധിയില്‍ അയച്ചു. തില്‍ജാല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ബിസ്വക് മുഖര്‍ജിയെയാണ് അവധിയില്‍ അയച്ചത്. ഇയാള്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പോക്‌സോ കേസ് ഇരയുടെ മൊഴിയെടുക്കല്‍ ചിത്രീകരിക്കുന്നത് എതിര്‍ത്തപ്പോള്‍ മര്‍ദിച്ചു എന്നായിരുന്നു ആരോപണം.
കൊല്‍ക്കത്തയിലെ തില്‍ജാലയില്‍ ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടായിരുന്നു ദേശീയ ബാലാവകാശ കമ്മീഷന്റെ ബംഗാള്‍ സന്ദര്‍ശനം. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ബംഗാളിലെത്തേണ്ട ഒരു അടിയന്തിര സാഹചര്യവുമില്ലെന്ന് ബംഗാള്‍ ബാലാവാകാശ സമിതി ഒരു കത്തിലൂടെ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് കമ്മീഷന്‍ ബംഗാള്‍ പൊലീസിനെതിരെ പരാതി ഉയര്‍ത്തിയിരിക്കുന്നത്. തില്‍ജാലയ്ക്ക് പുറമേ മാള്‍ഡയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ട സംഭവത്തിലും കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് പ്രിയങ്ക് കനൂംഗോ ബംഗാള്‍ സന്ദര്‍ശിച്ചത്.
അന്വേഷണ നടപടികള്‍ ക്യാമറയില്‍ പകര്‍ത്തുന്നത് ചോദ്യം ചെയ്തത് പൊലീസിന് ഇഷ്ടമായില്ലെന്നും തടഞ്ഞപ്പോള്‍ മര്‍ദിച്ചെന്നുമുള്ള ഗുരുതരമായ ആരോപണമാണ് പ്രിയങ്ക് കനൂംഗോ ബംഗാള്‍ പൊലീസിനെതിരെ ഉന്നയിച്ചത്. തില്‍ജാല കൊലപാതകത്തിലും മാള്‍ഡ ബലാത്സംഗത്തിലും എഫ്‌ഐആര്‍ തയാറാക്കിയിട്ടുണ്ടെന്നും അന്വേഷണങ്ങള്‍ നടന്നുവരികയാണെന്നുമായിരുന്നു ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനോട് ബംഗാള്‍ ബാലാവാകാശ സമിതി വിശദീകരിച്ചിരുന്നത്. ഈ പശ്ചാത്തലത്തില്‍ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ബംഗാള്‍ സന്ദര്‍ശിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നാണ് ഇന്നലെ കത്തിലൂടെ ബംഗാള്‍ ബാലാവാകാശ സമിതി വ്യക്തമാക്കിയിരുന്നത്.