ബിനീഷിന്റെ മകളുമായി ബന്ധപ്പെട്ട പരാതി: ഇ ഡിക്കെതിരെ തുടർ നടപടികളില്ലെന്ന് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരത്തെ റെയ്ഡിനിടെ ബിനീഷ് കോടിയേരിയുടെ മകളെ തടവിലാക്കിയെന്ന പരാതിയിൽ ഇ ഡിക്കെതിരെ തുടർ നടപടികളില്ലെന്ന് ബാലാവകാശ കമ്മീഷൻ. കുട്ടിയുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടിട്ടില്ല. കോടിയേരി വീട് റെയ്ഡ് നടന്നപ്പോഴുണ്ടായ പരാതി സംബന്ധിച്ച കാര്യങ്ങൾ അന്നുതന്നെ തീർപ്പാക്കിയതാണെന്നും കമ്മീഷൻ അംഗം കെ നസീർ പറഞ്ഞു
ബിനീഷിന്റെ ഭാര്യയും ഭാര്യാ മാതാവും കുട്ടിയും മാത്രമുള്ളപ്പോഴാണ് ഇ ഡി ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. റെയ്ഡ് 26 മണിക്കൂർ നേരം നീളുകയും ചെയ്തു. ഇതിനിടെ ഇവരെ പുറത്തുവിടുകയോ ബന്ധുക്കളുമായി സംസാരിക്കാനോ അനുവദിച്ചിരുന്നില്ല. തുടർന്നാണ് കുട്ടിയുടെ അവകാശം ലംഘിക്കപ്പെട്ടെന്നും കടുത്ത മാനസിക സമ്മർദത്തെ തുടർന്ന് കുട്ടിക്ക് ഉറങ്ങാൻ പോലും ആയില്ലെന്നും ഭാര്യാ പിതാവ് ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയത്.
സംഭവദിവസം തന്നെ ബാലാവകാശ കമ്മീഷൻ വീട്ടിലെത്തി ഇഡി ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ബിനീഷിന്റെ ഭാര്യ ഉൾപ്പെടെയുള്ളവരുമായി സംസാരിക്കുകയും ചെയ്തിരുന്നു.