നടപ്പുവർഷം 9.2 ശതമാനം വളർച്ച; രാജ്യം ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിലേക്ക്
ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നു. കൊവിഡ് പ്രതിസന്ധി സൂചിപ്പിച്ചു കൊണ്ടായിരുന്നു ബജറ്റ് പ്രസംഗം ആരംഭിച്ചത്. കൊവിഡ് വെല്ലുവിളി നേരിടാൻ രാജ്യം തയ്യാറാണ്. എല്ലാവർക്കും പാർപ്പിടവും വെള്ളവും ഊർജവും എന്നത് മുഖ്യലക്ഷ്യം. അടുത്ത 25 വർഷം മുന്നിൽ കണ്ടുള്ള ബജറ്റാണ് അവതരിപ്പിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു
നടപ്പുവർഷം 9.2 ശതമാനം വളർച്ച നേടും. ഇത്രയും വളർച്ച രേഖപ്പെടുത്തുന്നത് ചരിത്രത്തിൽ ആദ്യമാണ്. ആരോഗ്യമേഖലയിൽ വലിയ നേട്ടം കൈവരിച്ചു. രാജ്യം ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിലേക്ക് പൂർണ തോതിൽ യാത്ര തുടരുകയാണ്. എൽ ഐ സി സ്വകാര്യവത്കരിക്കും. ഇന്ത്യയുടെ സാമ്പത്തിക വളർച്ച മറ്റ് രാജ്യങ്ങളേക്കാൾ മുന്നിലാണ്
സാമ്പത്തിക സുതാര്യത ഉറപ്പുവരുത്തും. വാക്‌സിനേഷൻ വേഗത്തിലാക്കും. ആത്മനിർഭർ ഭാരതിന് മികച്ച പ്രതകിരണം ലഭിച്ചെന്നും ധനമന്ത്രി പറഞ്ഞു. ആത്മനിർഭർ പദ്ധതി പ്രകാരം 60 ലക്ഷം പേർക്ക് ജോലി ലഭിച്ചു. ജനങ്ങളുടെ ക്ഷേമത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്.
ഗതാഗത മേഖലകളെ ബന്ധിപ്പിക്കും. എല്ലാവർക്കും പാർപ്പിടം എന്നതാണ് ലക്ഷ്യം. ഊർജലഭ്യത ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. രണ്ടാം മോദി സർക്കാരിന്റെ മൂന്നാമത്തെ പൂർണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്.