Thursday, January 23, 2025
National

അജ്ഞാതവാഹനമിടിച്ചാലും നഷ്ടപരിഹാരം, സൗജന്യ ചികിത്സ: പദ്ധതിക്ക് മാര്‍ഗരേഖയായി

ന്യൂഡല്‍ഹി: അജ്ഞാതവാഹനം ഇടിച്ച് പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സയും നഷ്ടപരിഹാരവും നല്‍കുന്നതിന് വാഹന ഇന്‍ഷുറന്‍സില്‍ വര്‍ധനവ് വരുത്താനൊരുങ്ങി കേന്ദ്രം. ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ നിന്നുമാണ് ഇതിന് തുക വകയിരുത്തുക. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിക്ക് അന്തിമരൂപമായി. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളിടിച്ച് പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സ നല്‍കാന്‍ എല്ലാ വാഹന ഇന്‍ഷുറന്‍സ് പോളിസികളിലും നിശ്ചിതശതമാനം മാറ്റിവെക്കും. അധികപ്രീമിയം ഈടാക്കാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കും.

അജ്ഞാതവാഹനം ഇടിച്ച് മരിച്ചാല്‍ നഷ്ടപരിഹാരവും പരിക്കേല്‍ക്കുന്നവര്‍ക്ക് 1.5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയും നല്‍കുന്നതാണ് പദ്ധതി. അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കെല്ലാം ഈ സൗജന്യത്തിന് അര്‍ഹതയുണ്ട്. ആശുപത്രികള്‍ ചികിത്സ നിഷേധിക്കാന്‍ പാടില്ല. ചികിത്സ നല്‍കുന്ന ആശുപത്രികള്‍ക്ക് പിന്നീട് സര്‍ക്കാര്‍ തുക നല്‍കും. 2019ലെ കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതിയാണ് ഇത്തരം വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കിയത്.

ഇതിനുള്ള തുക കണ്ടെത്തുന്നതിന് ദേശീയപാതാവിഭാഗം വിവിധ സേവനങ്ങള്‍ക്ക് സെസ് ഈടാക്കുന്നതും പരിഗണനയിലുണ്ട്. ഇത്തരത്തില്‍ സ്വരൂപിക്കുന്ന തുകയില്‍നിന്നാകും നഷ്ടപരിഹാരവും സൗജന്യ ചികിത്സയും നല്‍കുക. ആശുപത്രികളില്‍ ചെലവാകുന്ന തുക സംസ്ഥാനസര്‍ക്കാരുകളുടെ സഹായത്തോടെ നല്‍കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *