സംവിധായകൻ എസ് എസ് രാജമൗലിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു
ബാഹുബലി സിനിമയുടെ സംവിധായകൻ എസ്. എസ് രാജമൗലിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററീലൂടെ രാജമൗലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ച് ഹോം ക്വാറന്റീനിൽ ആണെന്നും സംവിധായകൻ അറിയിച്ചു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തനിക്കും കുടുംബാംഗങ്ങൾക്കും ചെറിയ പനി വന്നിരുന്നുവെന്നും അതിനെ തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.
നിലവിൽ ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിലും എല്ലാവിധ മുൻകരുതലുകൾ എടുക്കുകയും നിർദ്ദേശങ്ങൾ പാലിക്കുകയുമാണ്. ആന്റിബോഡീസ് ഡെവലപ് ചെയ്യുന്നതിനു വേണ്ടി കാത്തിരിക്കുകയാണെന്നും അങ്ങനെയെങ്കിൽ പ്ലാസ്മ സംഭാവന ചെയ്യുമെന്നും ബാഹുബലി ഡയറക്ടർ ട്വീറ്റിൽ പറഞ്ഞു.