മികച്ച നടൻ- ജോജു, ബിജു മേനോൻ, നടി രേവതി; സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ വിതരണം ചെയ്തു
തിരുവനന്തപുരം: 2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. മികച്ച നടനുള്ള അവാര്‍ഡ് ബിജു മേനോനും ജോജു ജോര്‍ജും മികച്ച നടിക്കുള്ള പുരസ്കാരം രേവതിയും ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്കാരം ദിലീഷ് പോത്തനും ഏറ്റുവാങ്ങി. ജെസി ഡാനിയേൽ പുരസ്കാരം കെപി കുമാരന് മുഖ്യമന്ത്രി സമ്മാനിച്ചു.
മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് വിനീത് ശ്രീനിവാസൻ ഏറ്റുവാങ്ങി. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയം എന്ന ചിത്രത്തിനാണ് അവാർഡ്. മികച്ച ഗായികയ്ക്കുള്ള സിത്താര കൃഷ്ണകുമാറിന്റെ അവാർഡ് മകളാണ് ഏറ്റുവാങ്ങിയത്.
കണ്ടുമടുത്ത കാഴ്ചകൾ ഒഴിവാക്കി പുതിയ പരീക്ഷണം മലയാള സിനിമ നടത്തുകയാണെന്ന് മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു. ഇതിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഒരു പരിധി വരെ സഹായിച്ചിട്ടുണ്ട്. സ്ത്രീ സാന്നിധ്യം സിനിമയുടെ എല്ലാ മേഖലയിലും ഉണ്ട്. അത് ഇനിയും വർദ്ധിക്കണമെന്നും നിരവധി കാര്യങ്ങൾ സിനിമാ മേഖലയ്ക്കായി സർക്കാർ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.