കേരളം മുന്നോട്ട് വയ്ക്കുന്നത് സ്നേഹത്തിന്റെ സന്ദേശം’; ഭാരത് ജോഡോ യാത്രയ്ക്കിടെ കേരളത്തെ പുകഴ്ത്തി രാഹുൽ
തൃശ്ശൂർ: ഭാരത് ജോഡോ യാത്രയിൽ കേരളത്തെ പുകഴ്ത്തി രാഹുൽ ഗാന്ധി. കേരളം മുന്നോട്ട് വയ്ക്കുന്നത് സ്നേഹത്തിന്റെ സന്ദേശമാണ്. കേരളം വിശ്വസിക്കുന്നത് ലാളിത്യത്തിലാണ്, ക്രോധത്തിലല്ല. എന്നാൽ രാജ്യം ഭരിക്കുന്നത് വിഭജനം മുന്നോട്ടു വയ്ക്കുന്ന സർക്കാരാണെന്ന് രാഹുൽ ആരോപിച്ചു. ബിജെപി വെറുപ്പിന്റെ രാഷ്ട്രീയം നടത്തുന്നത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ്. വിദ്വേഷത്തിന്റെ ഇന്ത്യയും കേരളവുമല്ല കോൺഗ്രസിന്റെ മനസ്സിലുള്ളതെന്നും രാഹുൽ പറഞ്ഞു.
അഞ്ചോ ആറോ ശത കോടീശ്വരന്മാർക്ക് വേണ്ടിയാണ് രാജ്യത്ത് ഇന്ന് ഭരണം നടക്കുന്നത്. അവർ വിചാരിച്ചാൽ എന്തും ചെയ്യാമെന്ന സ്ഥിതി ആയിരിക്കുന്നു. നമ്മുടെ പണം കവർന്ന് സഹസ്ര കോടീശ്വരന്മാർക്ക് നൽകുന്നു. മോദി ഇന്ന് പാചക വാതക, ഇന്ധന വിലയെ കുറിച്ച് പറയുന്നില്ല. ജനങ്ങളുടെ പോക്കറ്റിൽ നിന്നും ചോരുന്ന പണം ചെല്ലുന്നത് രണ്ടുമൂന്ന് കോർപ്പററ്റുകളുടെ പക്കലേക്കാണ്. സാധാരണക്കാർക്കായി കേന്ദ്ര സർക്കാർ ബാക്കിവച്ചത് ജിഎസ്‍ടി, നോട്ട് നിരോധനം പോലെയുള്ളവയാണ്.
കോൺഗ്രസ് 75 വർഷം കൊണ്ട് എന്ത് ചെയ്തു എന്നാണ് മോദി ചോദിക്കുന്നത്. എട്ടു വർഷം കൊണ്ട് മോദി ഉണ്ടാക്കിയ തൊഴിൽ ഇല്ലായ്മയും, വിലക്കയറ്റവും കോൺഗ്രസ് ഉണ്ടാക്കിയിട്ടില്ല എന്നതാണ് അതിന് മറുപടി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയാണ് ഇന്ന് അനുഭവിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പോപ്പുല ഫ്രണ്ടുമായി ബന്ധപ്പെട്ട റെയ‍്‍ഡുകൾക്ക് പിന്നാലെ കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം ചില കോണുകളിൽ നിന്ന് ഉയരുന്നതിനിടെയാണ് കേരളം മുന്നോട്ടു വയ്ക്കുന്നത് സ്നേഹത്തിന്റെ സന്ദേശമാണ് എന്ന പ്രഖ്യാപനവുമായി രാഹുൽ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച രാഹുലും ഭാരത് ജോഡോ യാത്രയും ഇപ്പോൾ അതിൽ നിന്ന് പിന്നോട്ട് പോയിരിക്കുകയാണ്.