Tuesday, April 15, 2025
Movies

നാട്ടുകാരെ പറ്റിക്കാന്‍ വീണ്ടും മാമച്ചന്‍ വരുന്നു; ഇത്തവണ മന്ത്രിയായി

അവകാശവാദങ്ങളും താരത്തിളക്കവുമില്ലാതെ തിയറ്ററുകളിലെത്തി ആ വര്‍ഷത്തെ ബമ്പര്‍ ഹിറ്റായി മാറിയ ചിത്രമായിരുന്നു വെള്ളിമൂങ്ങ. നവാഗതസംവിധായകനായ ജിബു ജേക്കബിന്‍റെ ആദ്യചിത്രം, നായകന്‍ ബിജു മേനോന്‍. രാഷ്ട്രീയഹാസ്യവിഭാത്തില്‍ പെടുന്ന ചിത്രം അതുവരെ പൊളിറ്റിക്കല്‍ ഡ്രാമകളെയെല്ലാം മലര്‍ത്തിയടിക്കുന്നതായിരുന്നു. ഇപ്പോള്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം തന്നെ വെള്ളിമൂങ്ങ 2വിന്‍റെ ചിത്രീകരണം തുടങ്ങാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് അണിയറയില്‍ നിന്നും പുറത്തുവരുന്ന വിവരങ്ങള്‍.

ആദ്യഭാഗത്തില്‍ 40കാരനായ മാമച്ചന്‍ മന്ത്രിയാകുന്നതായിരുന്നു ക്ലൈമാക്സ്. രണ്ടാം ഭാഗത്തില്‍ മന്ത്രിയായിട്ടുള്ള മാമച്ചന്‍റെ കളികളായിരിക്കും പ്രേക്ഷകര്‍ കാണാന്‍ പോകുന്നത്. വടക്കന്‍ കേരളത്തിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ആദ്യഭാഗമെങ്കില്‍ രണ്ടാം ഭാഗത്തില്‍ കഥാപശ്ചാത്തലവും മാറിയേക്കാം.

2014 സെപ്തംബര്‍ 25നാണ് വെള്ളിമൂങ്ങ തിയറ്ററുകളിലെത്തിയത്. ജോജി തോമസിന്‍റെതായിരുന്നു കഥ. അജു വര്‍ഗീസ്, നിക്കി ഗല്‍റാണി, ടിനി ടോം, കെ.പി.എ.സി ലളിത, സിദ്ധിഖ്,ലെന,വീണ നായര്‍,സുനില്‍ സുഖദ, സാജു നവോദയ, ശശി കലിംഗ, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ താരങ്ങള്‍. 2.8 കോടിയില്‍ നിര്‍മ്മിച്ച ചിത്രം 20 കോടിയാണ് നേടിയത്. ചിത്രത്തിലെ പാട്ടുകളും ഹാസ്യരംഗങ്ങളും ഇപ്പോഴും ഹിറ്റാണ്.

Leave a Reply

Your email address will not be published. Required fields are marked *