Tuesday, April 15, 2025
Movies

എഴുപതാം പിറന്നാൾ ആഘോഷത്തിന് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി തിരഞ്ഞെടുത്തത് മൂന്നാറിലെ എസ്റ്റേറ്റ്

എഴുപതാം പിറന്നാൾ ആഘോഷത്തിന് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി തിരഞ്ഞെടുത്തത് മൂന്നാറിലെ എസ്റ്റേറ്റ് ഫാം ഹൗസ്. മൂന്നാറിലെ കല്ലാർ വട്ടയാറിലുള്ള എസ്റ്റേറ്റിൽ മമ്മൂട്ടിയും കുടുംബവും ഇന്നലെ രാത്രി തന്നെ എത്തിയിരുന്നു.

എഴുപതാം ജന്മദിനത്തിൽ മഹാനടന്‍ മൂന്നാറിൽ തന്നെ എത്തിയതിന്റെ സന്തോഷത്തിലാണ് സമീപവാസികൾ. അറുപത്തിയഞ്ച് ഏക്കർ വിസ്തൃതിയുള്ള തോട്ടത്തിൽ അപൂർവമായി മാത്രമേ മമ്മൂട്ടി എത്താറുള്ളൂ. ഭാര്യ സുല്‍ഫത്താണ് എസ്റ്റേറ്റിലെ കാര്യങ്ങൾ നോക്കാൻ എത്താറുള്ളത്.

രാവിലെയാണ് മമ്മൂട്ടി കല്ലാറിൽ എത്തിയ വിവരം നാട്ടുകാർ അറിഞ്ഞത്. അതോടെ നിരവധി പേര്‍ പ്രിയതാരത്തെ നേരിൽ കാണാനും ആശംസകൾ അർപ്പിക്കാനും ഇവിടേക്കെത്തി. മൂന്നാറിൽനിന്നും അടിമാലിയിൽനിന്നുമൊക്കെ രാവിലെ മുതൽ ആളുകൾ തങ്ങളുടെ പ്രിയപ്പെട്ട നായകനെ കാണാൻ ഒഴുക്കായിരുന്നു. എന്നാൽ ആർക്കും അദ്ദേഹം മുഖം കൊടുത്തില്ല.

സ്വകാര്യമായ സന്ദർശനമായതിനാൽ കുടുംബത്തോടൊപ്പം ജന്മദിനം ചെലവഴിക്കാനാണ് മമ്മൂട്ടി ആഗ്രഹിക്കുന്നതെന്ന് കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. മകൻ ദുൽഖർ സൽമാനും കുടുംബവും കൂടെയുണ്ട്.

കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ അരികിലായാണ് മമ്മൂട്ടിയുടെ വിശാലമായ തോട്ടം. ഇതിന്റെ മധ്യത്തിലായി പതിറ്റാണ്ടുകൾ പഴക്കമുള്ള വീടും അടുത്തകാലത്ത് നിർമ്മിച്ച ചെറിയ ഔട്ട് ഹൗസുമാണുള്ളത്. രണ്ടായിരത്തിലാണ് കല്ലാറിൽ മമ്മൂട്ടി എസ്റ്റേറ്റ് വാങ്ങിയത്. ഏലം, കാപ്പി, കുരുമുളക് എന്നിവയാണ് ഇവിടത്തെ പ്രധാന കൃഷികൾ. സമീപ നാടുകളില്‍ ഷൂട്ടിങ്ങുണ്ടെങ്കിൽ ഇവിടെ വന്ന് വിശ്രമിക്കാനും മറക്കാറില്ല.

Leave a Reply

Your email address will not be published. Required fields are marked *