ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന ചിത്രം സന്തോഷത്തിന്റെ ഒന്നാം രഹസ്യം ജൂലൈ 9ന് മുതൽ യു. എസ്സിൽ തിയ്യറ്റർ റിലീസിന് ഒരുങ്ങുന്നു
ജൂലൈ 8, 2021: വ്യത്യസ്ത സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഡോൺ പാലത്തറ സംവിധാനം ചെയ്ത ചിത്രം ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ ജൂലൈ 9ന് മുതൽ യു. എസ്സിൽ തിയ്യറ്റർ റിലീസിന് ഒരുങ്ങുന്നു. ഷിജോ കെ ജോർജ്ജ് നിർമ്മിക്കുന്ന ചിത്രത്തിൽ റിമ കല്ലിങ്കൽ, ജിതിൻ പുത്തൻചേരി, നീരജ രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ എടുത്തിരിക്കുന്ന ഈ ചിത്രം, ലിവ് ഇൻ റിലേഷൻഷിപ്പിൽ ആയിരിക്കുന്ന മരിയയുടെയും ജിതിൻറെയും കഥ പറയുന്നു. ഇരുവരും നടത്തുന്ന കാർ യാത്രയിൽ അവരുടെ ബന്ധം നിലനിർത്താനുള്ള ശ്രമങ്ങളും , തർക്കങ്ങളും ഒക്കെ ഒറ്റ ടേക്കിൽ എടുത്ത 85 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിൽ കാണാവുന്നതാണ്. ഐ.എഫ്. എഫ് കെ 2021ലും, മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2021ലും പ്രദർശിപ്പിച്ചു നിരൂപക ശ്രദ്ധ ഏറ്റുവാങ്ങിയ ഈ ചിത്രം; നിരവധി വർഷങ്ങൾക്ക് ശേഷമാണ് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഒരു മലയാള ചിത്രം തിരഞ്ഞെടുക്കപ്പെടുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്.
സെറ തിയേറ്റേഴ്സ്,മിൽപിറ്റസ്, സിഎ, ഡിജിമാക്സ് തീയേറ്റർസ്, അറ്റ്ലാന്റ, ജിഎ, ബെൽമോർ പ്ലേ ഹൌസ്, ബെൽമോർ, എൻവൈ, ഗാലക്സി തീയേറ്റർസ് – ദി കോളനി, ടി. എക്സ്, സ്റ്റാർ സിനിമ ഗ്രിൽ – മിസ്സൂറി സിറ്റി ടി.എക്സ് എന്നീ യു.എസ് തിയേറ്ററുകളിൽ ജൂലൈ 9ന് ചിത്രം റിലീസ് ചെയ്യും.
ഡോൺ പാലത്തറ തന്നെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സജി ബാബുവാണ്, ലൊക്കേഷൻ സൗണ്ട് നിർവ്വഹണം ആദർശ് ജോസഫ് പാലമറ്റം. സംഭാഷണം- ഡോൺ പാലത്തറ, റിമ കല്ലിങ്കൽ, ജിതിൻ പുത്തൻചേരി. സംവിധാനം/നിർമ്മാണ അസിസ്റ്റൻസ് – അർച്ചന പദ്മിനി, അംഷുനാഥ് രാധാകൃഷ്ണൻ.ബേസിൽ സി. ജെ സംഗീതം ചെയ്തിരിക്കുന്ന പകലുകൾ എന്ന ഗാനം എഴുതിയിരിക്കുന്നത് ഷെറിൻ കാദറിനും പാടിയിരിക്കുന്നത് സിതാര കൃഷ്ണകുമാറും ആണ്. വസ്ത്രാലങ്കാരം – സ്വപ്ന റോയ്. സൗണ്ട് ഡിസൈൻ – അരുൺ വർമ്മ, സൗണ്ട് മിക്സിങ് – ഡാൻ ജോസ്, സ്ക്രിപ്റ്റ് കൺസൾടെന്റ് – ഷെറിൻ കാദറിൻ, അസ്സോസിയേറ്റ് ക്യാമറ – ജെൻസൺ ടി. എക്സ്, കളറിസ്റ്റ് – ലിജു പ്രഭാകർ, പബ്ലിസിറ്റി ഡിസൈൻസ് – ദിലീപ് ദാസ്.