Thursday, April 10, 2025
Movies

എമ്പുരാന്‍ വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കും: ആന്റണി പെരുമ്പാവൂർ

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ താമസമില്ലാതെ തന്നെ ചിത്രീകരണം ആരംഭിക്കുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ. കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ ജെയ്സൺ ജോർജ്, റെയ്മോൾ നിധീരി, വിദ്യാ നായർ, സാജു അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ 150 ദിവസമായി നടന്നു വന്ന ‘വീ ഷാൽ ഓവർകം’ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന അഭിമുഖത്തിലാണ്അദ്ദേഹം ഇക്കാര്യം പറഞ്ഞത് .

‘ലൂസിഫറില്‍ പൃഥ്വിരാജ് സംവിധായകനായെത്തിയത് വളരെ യാദൃശ്ചികമായാണ്. വളരെ നാളുകള്‍ക്ക് മുമ്പ് തന്നെ മുരളി ഗോപിയുമായി സിനിമയുടെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഹൈദരാബാദിലെ ഒരു ഷൂട്ടിങ് സൈറ്റിലെ സംസാരത്തിനിടെ മുരളീ ഗോപി ലൂസിഫറിന്റെ കഥയെ പറ്റി പൃഥ്വിരാജിനോട് പറയുകയും, ഇത് കേട്ട പൃഥ്വി സംവിധാനം ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയുമായിരുന്നു.’

‘പൃഥ്വിരാജ് ആ സിനിമ കമ്മിറ്റ് ചെയ്ത സമയം മുതല്‍, അതിന്റെ പ്രമോഷന്‍ കഴിയുന്നത് വരെ കാണിച്ച ആത്മാർഥത വളരെ വലുതാണ്. ഒരുപാട് സംവിധാകരോടൊപ്പം സിനിമ ചെയ്തിട്ടുണ്ട്. പെട്ടെന്ന് അദ്ഭുതം തോന്നുന്ന നിമിഷങ്ങള്‍ പൃഥ്വിരാജ് സമ്മാനിച്ചിട്ടുണ്ട്. സിനിമയുടെ മുഴുവന്‍ സംഭാഷണങ്ങളും അദ്ദേഹത്തിന് കാണാപാഠമായിരുന്നു.’

‘ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ പണിപ്പുരയിലാണ്. പൃഥ്വിരാജും മുരളി ചേട്ടനുമൊക്കെ ചിത്രവുമായി ബന്ധപ്പെട്ട ജോലികളിലാണ്, അതിന്റെ ധാരണയായിട്ടുണ്ട്. വലിയ താമസമില്ലാതെ തന്നെ ചിത്രീകരണം തുടങ്ങും. ലൂസിഫര്‍ പോലുള്ള ചിത്രങ്ങളുടെ വിജയമാണ് വീണ്ടും ഇതുപോലുള്ള ചിത്രങ്ങള്‍ ചെയ്യാന്‍ ധൈര്യം തരുന്നത്.’

Leave a Reply

Your email address will not be published. Required fields are marked *