Monday, April 14, 2025
Movies

‘വര്‍ത്തമാനം’ റിലീസില്‍ മാറ്റമില്ല, മാര്‍ച്ച് 12-ന് തിയേറ്ററുകളിലേക്ക്

പാര്‍വതി തിരുവോത്ത് നായികയാകുന്നു ‘വര്‍ത്തമാനം’ മാര്‍ച്ച് 12ന് തന്നെ തിയേറ്ററുകളിലേക്ക്. കേരളത്തില്‍ സെക്കന്‍ഡ് ഷോ അനുവദിക്കാത്തതിനാല്‍ പല സിനിമകളുടെയും റിലീസ് മാറ്റി വെച്ചിരിക്കുകയാണ്. എന്നാല്‍ വര്‍ത്തമാനം പ്രഖ്യാപിച്ച തിയതിയില്‍ തന്നെ പ്രദര്‍ശനത്തിനെത്തും. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രം സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

ഡല്‍ഹിയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുള്‍ റഹമാനെ കുറിച്ച് ഗവേഷണം നടത്തുവാനായി എത്തിയ ഫൈസാ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിനി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ പ്രമേയം. റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഏറെ വിവാദങ്ങള്‍ക്ക് ഒടുവിലാണ് വര്‍ത്തമാനം റിലീസിന് ഒരുങ്ങുന്നത്.

ദേശവിരുദ്ധവും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതുമാണ് വര്‍ത്തമാനത്തിന്റെ പ്രമേയം എന്നു ചൂണ്ടിക്കാട്ടി ആയിരുന്നു ചിത്രത്തിന് പ്രദര്‍ശനാനുമതി നേരത്തെ നിഷേധിച്ചത്. ഇത് വിവാദമായിരുന്നു. തുടര്‍ന്ന് മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റിയാണ് ചെറിയ മാറ്റങ്ങളോടെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയത്.

ഡല്‍ഹി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളിലാണ് വര്‍ത്തമാനം ചിത്രീകരിച്ചത്. ഏറെ സാമൂഹിക പ്രസക്തിയുള്ള പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തില്‍, വിലാപങ്ങള്‍ക്കപ്പുറം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആര്യാടന്‍ ഷൗക്കത്ത് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രമാണ് വര്‍ത്തമാനം.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് നിര്‍മ്മാണം. അഴകപ്പന്‍ ഛായാഗ്രഹണവും റഫീക് അഹമ്മദും വിശാല്‍ ജോണ്‍സണും ഗാനരചനയും നിര്‍വ്വഹിക്കുന്നു. ബിജിപാല്‍ ആണ് പശ്ചാത്തല സംഗീതം.

Leave a Reply

Your email address will not be published. Required fields are marked *