Thursday, January 2, 2025
Wayanad

തൃക്കൈപ്പറ്റ പരൂര്‍കുന്ന് ആദിവാസി ഭവന പദ്ധതി: മാര്‍ച്ച് ആദ്യവാരം താക്കോല്‍ കൈമാറും

തൃക്കൈപ്പറ്റ പരൂര്‍കുന്ന് ആദിവാസി ഭവന പദ്ധതി: 114 ഗുണഭോക്താക്കള്‍ക്ക് മാര്‍ച്ച് ആദ്യവാരം താക്കോല്‍ കൈമാറും കാരാപ്പുഴയുടെ തീരത്ത് പ്രകൃതിരമണീയമായ പുറ്റാട് പരൂര്‍കുന്നില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന വിപുലമായ ആദിവാസി ഭവന പദ്ധതി രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറും. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത 114 ആദിവാസി കുടുംബങ്ങള്‍ക്കാണ് മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പുറ്റാട് പരൂര്‍കുന്നില്‍ മാതൃകാ പാര്‍പ്പിട സൗകര്യമൊരുങ്ങുന്നത്. കാരാപ്പുഴ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങളിലേക്ക് സ്ഥലംമാറി താമസിക്കേണ്ടി വന്നവരെ ഒരു പ്രദേശത്ത് ഒരുമിപ്പിക്കുന്ന പദ്ധതി കൂടിയാണിത്. റോഡ്, വൈദ്യുതി, കുടിവെള്ളം, തെരുവുവിളക്കുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഇതോടൊപ്പം ഒരുക്കുന്നുണ്ട്. വീടു നിര്‍മ്മാണത്തിനായി വനം വകുപ്പ് വിട്ടുനല്‍കിയ 13.5 ഹെക്ടര്‍ ഭൂമിയില്‍ 230 വീടുകള്‍ പണിയാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ ആദ്യഘട്ടത്തില്‍ 114 വീടുകളുടെ നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്. ഒരു വീടിനു ആറു ലക്ഷം രൂപ വീതം പട്ടികവര്‍ഗ വികസന വകുപ്പിന്റെ ടി.ആര്‍.ഡി.എം ഫണ്ടില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്. 477 ചതുരശ്ര അടി വിസ്തൃതിയിലുള്ള കോണ്‍ക്രീറ്റ് വീടിനു 40 ചതുരശ്ര അടിയില്‍ ഷീറ്റ് മേഞ്ഞ വര്‍ക്ക് ഏരിയയും പണിയുന്നുണ്ട്. ജില്ലാ മണ്ണ് സംരക്ഷണ വകുപ്പാണ് പദ്ധതിയുടെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്. പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി നേരിട്ടു വിലയിരുത്തുന്നതിനായി സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള എന്നിവര്‍ തിങ്കളാഴ്ച പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയും ഗുണഭോക്താക്കളോട് ആശയവിനിമയം നടത്തുകയും ചെയ്തു. തുടര്‍ന്ന് കുന്നിന്‍മുകളില്‍ സജ്ജീകരിച്ച പന്തലില്‍ നടത്തിയ പ്രത്യേക ഊരുകൂട്ടം ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ കെ.സി ചെറിയാന്റെ അധ്യക്ഷതയില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോളനിയില്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള പഠനമുറി എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിക്കുമെന്ന് അദ്ദേഹം അറിയിച്ചു. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ സിന്ധു, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു. ദാസ്, സൗത്ത് വയനാട് ഡി.എഫ്.ഒ പി. രഞ്ജിത്ത് കുമാര്‍, കേരള വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തുളസീധരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, കെ.എസ്.ഇ.ബി അസി. എഞ്ചിനീയര്‍ ജയന്‍, ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസര്‍മാര്‍, പ്രൊമോട്ടര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *