സൂര്യയുടെ ‘ജയ് ഭീം’ നവംബർ 2 ന്; റിലീസ് തീയതി പ്രഖ്യാപിച്ച് ആമസോൺ പ്രൈം വീഡിയോ
ചെന്നൈ: സൂര്യയെ നായകനാക്കി ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ‘ജയ് ഭീ’മിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രത്തിൻറെ റിലീസ് തീയതി ആമസോൺ പ്രൈം വീഡിയോ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രം നവംബറിൽ എത്തുമെന്ന് പ്രൈം വീഡിയോ നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. ദീപാവലി റിലീസ് ആയി നവംബർ 2ന് ചിത്രം എത്തുമെന്നാണ് പുതിയ പ്രഖ്യാപനം.
സൂര്യയുടെ കരിയറിലെ 39-ാം ചിത്രമായ ജയ് ഭീം കോർട്ട് റൂം ഡ്രാമ ഗണത്തിൽ വരുന്ന ചിത്രമാണ്. ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് നായകൻ. രജിഷ വിജയനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ധനുഷ് നായകനായ ‘കർണ്ണനി’ലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച രജിഷയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ഇത്. ‘കൂട്ടത്തിൽ ഒരുത്തൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജ്ഞാനവേൽ. മണികണ്ഠനാണ് രചന. ഒപ്പം ചിത്രത്തിൽ ഒരു കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട് അദ്ദേഹം. പ്രകാശ് രാജിനൊപ്പം മലയാളത്തിൽ നിന്ന് ലിജോമോൾ ജോസും താരനിരയിലുണ്ട്.