Saturday, December 28, 2024
Kozhikode

ആശുപത്രിയിൽ പ്രതിയുടെ പരാക്രമം, ഡ്രെസിങ് റൂം തകർത്തു; ജീവൻ പണയം വെച്ച് കീഴ്‌പ്പെടുത്തി പൊലീസുകാർ

കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പൊലീസ് വൈദ്യ പരിശോധനക്കെത്തിച്ചയാൾ അക്രമാസക്തനായി. ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചു തകർത്തു. കൈയ്യിൽ ചില്ലുകഷണവുമായി അക്രമാസക്തനായി നിന്ന ഇയാളെ പൊലീസുകാരും സുരക്ഷാ ജീവനക്കാരും ചേർന്ന് ജീവൻ പണയം വച്ചാണ് കീഴ്പ്പെടുത്തിയത്.

ഇന്നലെ രാത്രിയോടെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി വന്നതായിരുന്നു ഇയാൾ. ജീൻസ് പാന്റും ടീഷർട്ടുമായിരുന്നു വേഷം. പൊലീസ് സ്റ്റേഷനിലെ ഗ്രിൽസിൽ ഇയാൾ തലയടിച്ചു പൊട്ടിച്ചിരുന്നു. തുടർന്ന് മുറിവ് ചികിത്സിക്കാനും പരിശോധനക്കുമായി പൊലീസുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.

മുറിവ് ഡ്രെസ് ചെയ്യുന്നതിനിടെ പ്രതി അക്രമാസക്തനാവുകയായിരുന്നു. ആശുപത്രി ജീവനക്കാരും കണ്ട് നിന്നവരും പകച്ചുപോയി. പൊലീസുകാരും ആശുപത്രി സുരക്ഷാ ജീവനക്കാരും ചേർന്ന് പ്രതിയെ ബലമായി കീഴ്പ്പെടുത്തി. ഈ സമയത്ത് കൈയ്യിലൊരു ചില്ല് കഷണവുമായി ആരെയും ആക്രമിക്കുമെന്ന നിലയിലായിരുന്നു പ്രതി. ഇയാളെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പൊലീസുകാർക്കും സുരക്ഷാ ജീവനക്കാർക്കും പരിക്കേറ്റു. പൊലീസുകാരന്റെ കൈയ്യിലെ മുറിവ് ആഴത്തിലുള്ളതാണ്. പ്രതി മാനസിക അസ്വാസ്ഥ്യം നേരിടുന്നയാളാണോ എന്ന് സംശയമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *