Wednesday, April 16, 2025
KozhikodeTop News

നിപ ഭീതി ഒഴിഞ്ഞതിന്റെ ആശ്വാസത്തില്‍ ചാത്തമംഗലം; നിയന്ത്രണങ്ങള്‍ തുടരും

നിപ ഭീതി ഒഴിഞ്ഞതിന്റെ ആശ്വാസത്തില്‍ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്ത്. പ്രോട്ടോക്കോള്‍ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണമെങ്കില്‍ 42 ദിവസം കഴിയണം. അതേസമയം ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുവയസ്സുകാരന്‍ എങ്ങനെ രോഗം പിടിപെട്ടെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

നിലവില്‍ ചാത്തമംഗലം പഞ്ചായത്തിലെ 9ാം വാര്‍ഡ് മാത്രമാണ് കണ്ടെയ്ന്‍മെന്റ് സോണായി തുടരുന്നത്. ഈ മാസം അഞ്ചാം തിയതിയാണ് പന്ത്രണ്ടുവയസ്സുകാരന്‍ നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടത്.

ഭൂരിഭാഗവും ആരോഗ്യ പ്രവര്‍ത്തകരടക്കം 274 ആളുകളാണ് കുട്ടിയുമായി നേരിട്ടും അല്ലാതെയും സമ്പര്‍ക്കമുണ്ടായിരുന്നത്. എന്നാല്‍ നിപ വൈറസ് സ്ഥിരീകരിച്ച് 14 ദിവസം കഴിഞ്ഞിട്ടും ഇവരിലാര്‍ക്കും രോഗം സ്ഥിരീകരിച്ചില്ല. ഇതോടെയാണ് ചാത്തമംഗലത്ത് നിയന്ത്രണങ്ങളില്‍ ഇളലുകള്‍ നല്‍കിയത്.

ചാത്തമംഗലത്ത് നിപ നിയന്ത്രണങ്ങള്‍ കുറഞ്ഞതോടെ കൊവിഡ് വാക്‌സിനേഷനും പുനരാരംഭിച്ചിട്ടുണ്ട്. അതേസമയം വൈറസിന്റെ ഉറവിടം തേടിയുള്ള പരിശോധനകള്‍ ഇപ്പോഴും തുടരുകയാണ്.

പ്രദേശത്ത് നിന്ന് പിടികൂടിയ വവ്വാലുകളുടെയും ശേഖരിച്ച റമ്പൂട്ടാന്‍ പഴങ്ങളുടെയും പഴുത്ത അടയ്ക്കകളുടെയും പരിശോധനാ ഫലങ്ങള്‍ പുറത്തുവരാനുണ്ട്. കഴിഞ്ഞ ദിവസം കാസര്‍ഗോഡ് പനി ബാധിച്ച് മരിച്ച കുട്ടിയുടെ നിപ പരിശോധനാ ഫലവും നെഗറ്റിവ് ആണ്.

 

Leave a Reply

Your email address will not be published. Required fields are marked *