നിപ; മൃഗങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ വൈറസ് സാന്നിധ്യമില്ല
നിപ റിപ്പോർട്ട് ചെയ്ത കോഴിക്കോട് ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച മൃഗസാമ്പിളുകളില്‍ നിപ വൈറസ് സാന്നിധ്യമില്ലെന്ന് കണ്ടെത്തല്‍. ഇവിടെ നിന്ന് ശേഖരിച്ച് 25 ആടുകളുടേയും വവ്വാലുകളുടേയും സ്രവ പരിശോധന ഫലം നെഗറ്റീവായി. മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലാണ് പരിശോധിച്ചത്.
പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വിഭാഗത്തിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ.ബാലസുബ്രഹ്മണ്യന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വൈറസിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. വൈറസ് സാന്നിധ്യമുണ്ടോയെന്നറിയാന്‍ കഴിഞ്ഞ ദിവസം വെടിവെച്ചിട്ട കാട്ടുപന്നിയുടെ പരിശോധനാഫലം പുറത്തുവരാനുണ്ട്.
അതേസമയം സമ്പര്‍ക്കപട്ടികയിലുണ്ടായിരുന്നു 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇതുവരെ 108 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്. ഇതോടെ നിപ രോഗ വ്യാപനം നിയന്ത്രണ വിധേയമായെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിക്കുന്നത്.