കോഴിക്കോട്ടെ ആശുപത്രികളിൽ ഇന്ന് ഡോക്ടർമാരുടെ സമരം
ചികിത്സ വൈകിയെന്ന് ആരോപിച്ച് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ച സംഭവത്തിൽ കോഴിക്കോട് ജില്ലയിലെ മുഴുവൻ ആശുപത്രികളിലും ഡോക്ടർമാർ ഇന്ന് ഒ.പി ബഹിഷ്കരിക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗങ്ങളെയും ലേബർ റൂമും ഒഴിവാക്കും. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരോടും സമരത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് ടൗൺ, കുന്ദമംഗലം, എലത്തൂർ, ബേപ്പൂർ, മീഞ്ചന്ത ഭാഗങ്ങളിലെ ആശുപത്രികളിലാണ് ഒ.പി ബഹിഷ്കരണം. അത്യാഹിത വിഭാഗം മാത്രമേ പ്രവർത്തിക്കൂ എന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. സമരത്തിന് കെ.ജി.എം.ഒ.എ പിന്തുണ അറിയിച്ചതായി ഐ.എം.എ ഭാരവാഹികൾ പറഞ്ഞു. അതേസമയം ഡോക്ടറെ മര്‍ദിച്ച സംഭവത്തിൽ കുന്ദമംഗലം സ്വദേശികളായ കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു.
സംഭവത്തെ അപലപിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം ഒരുതരത്തിലും അംഗീകരിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.