Tuesday, April 15, 2025
Kerala

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ച രണ്ട് പേർ കീഴടങ്ങി

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ഒരു സംഘം ആളുകൽ ചേർന്ന് മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ കീഴടങ്ങി. കുന്ദമംഗലം സ്വദേശികളായ സഹീർ ഫാസിൽ, മുഹമ്മദ്‌ അലി എന്നിവരാണ് നടക്കാവ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. കേസിൽ കണ്ടാലറിയാവുന്ന ആറു പേർക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുകയാണ്.

പ്രസവത്തിനിടെ കുഞ്ഞ് മരിച്ചിട്ടും ചികിത്സ വൈകിയെന്നാരോപിച്ചാണ് ഡോക്ടറെ മർദ്ദിച്ചത്. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് പി.കെ. അശോകനാണ് മർദ്ദനമേറ്റത്. സി.ടി.സ്കാൻ റിപ്പോർട്ട് ലഭിക്കാൻ വൈകിയെന്നാരോപിച്ചായിരുന്നു മർദനം. ആശുപത്രി കൗണ്ടറിൻ്റെ ചില്ലും ചെടിച്ചട്ടികളും രോഗിയുടെ കൂട്ടിരിപ്പുകാർ അടിച്ചു തകർത്തു. പ്രസവത്തിനിടെ കുഞ്ഞ് മരിച്ചിട്ടും ചികിത്സ വൈകിപ്പിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് രോഗിയുടെ ബന്ധുക്കൾ പറയുന്നു.

സംഭവത്തിൽ പ്രതിഷേധവുമായി കെ.ജി.എം.ഒ.എ രം​ഗത്തെത്തി. കുറ്റവാളികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതോടൊപ്പം ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നിർഭയം ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുകയും വേണമെന്ന് കെ.ജി.എം.ഒ എ ആവശ്യപ്പെട്ടു.

ഭയരഹിതവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ ഡോക്ടർമാർ ജോലി ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ തങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാകൂ എന്ന് പൊതു സമൂഹം മനസ്സിലാക്കേണ്ടതുണ്ട്. തങ്ങളുടെ ആരോഗ്യവും ജീവനും കാക്കേണ്ടവർ ആശങ്കാകുലരായി സമ്മർദ്ദങ്ങൾക്ക് വഴിപ്പെട്ട് ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥ ഉണ്ടാകരുതെന്ന് ഉറപ്പാക്കാനും അക്രമികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭ്യമാക്കുന്നതിനും എല്ലാവരുടേയും ആത്മാർത്ഥമായ സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

ഐ എം.എ യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സമരത്തിന് കെ.ജി.എം.ഒ.എ സർവ്വാത്മനാ പിന്തുണ പ്രഖ്യാപിക്കുന്നു. കുറ്റക്കാരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന സർക്കാരിന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ നാളെ ഐ എം.എ കോഴിക്കോട് ബ്രാഞ്ചിന്റെ പരിധിയിലുള്ള സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ഡോക്ടർമാർ അവധിയെടുത്തു കൊണ്ട് ഓപി സേവനങ്ങളിൽ നിന്നും വിട്ടു നിൽക്കും.

അത്യാഹിത വിഭാഗം, ലേബർ റൂം, എമർജൻസി ഓപ്പറേഷൻ തിയ്യറ്റർ എന്നിവയുടെ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ നടക്കുന്നതാണ്. കൂടാതെ സംസ്ഥാനമൊട്ടൊകെ നാളെ (മാർച്ച് 6 ) പ്രതിഷേധ ദിനമായി ആചരിക്കുകയും എല്ലാ ആശുപത്രികളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.സുരേഷ്. ടി.എൻ, ജനറൽ സെക്രട്ടറി ഡോ. സുനിൽ പി.കെ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *