Thursday, January 9, 2025
Kerala

ടൈറ്റാനിയം ജോലി തട്ടിപ്പ്; ശ്യാംലാലാണ് തട്ടിപ്പിന്റെ കിംഗ് പിൻ എന്ന് ഡിജിപി, അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതി ശ്യാംലാലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ശ്യാംലാലിനെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് ഡിജിപി പറഞ്ഞു. ശ്യാംലാലാണ് തട്ടിപ്പിന്റെ കിംഗ് പിൻ എന്ന് ഡിജിപി പറയുന്നു. ടൈറ്റാനിയത്തിലെ ലീഗൽ ഡിജിഎം ശശികുമാരൻ തമ്പിയുടെ സഹപാഠിയാണ് ശ്യാംലാൽ. ശ്യാംലാലിന്റെ ഫോർച്യൂണർ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റു പ്രതികൾക്കുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുന്നു എന്നും ഡിജിപി പറയുന്നു.

കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് ശ്യാംലാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉദ്യോഗാർത്ഥികളെ ഇൻറർവ്യൂ ചെയ്യുന്നതിനായി ടൈറ്റാനിയത്തിൽ എത്തിച്ചത് ശ്യാംലാലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്ത 14 കേസുകളിലും പ്രതിയാണ് ശ്യാംലാൽ. ഇയാളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണ്.

പ്രധാന ഇടനിലക്കാരി ദിവ്യ നായർ ഇടനിലക്കാരൻ അഭിലാഷ് എന്നിവരാണ് കേസിൽ നേരത്തെ പിടിയിലായ പ്രതികൾ. ഇവർ പിടിയിലായതോടെ മറ്റ് പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. കേസിലെ മറ്റൊരു പ്രധാന പ്രതിയായ ടൈറ്റാനിയം ലീഗൽ ഡിജിഎം ശശികുമാരൻ തമ്പിയെ ഇതുവരെയും പിടികൂടാൻ ആയില്ല. ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്തു നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഏഷ്യാനെറ്റ് ന്യൂസാണ് ജീവനക്കാർ കൂടി ഉൾപ്പെട്ട ലക്ഷങ്ങളുടെ തട്ടിപ്പ് വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *