ടൈറ്റാനിയം തട്ടിപ്പ്: ഇടതു തൊഴിലാളി സംഘടന നേതാവിന് കുരുക്ക് മുറുകുന്നു
ടൈറ്റാനിയം തൊഴിൽ തട്ടിപ്പ് കേസിൽ ഇടതു തൊഴിലാളി സംഘടന നേതാവിന് കുരുക്ക് മുറുകുന്നു. കോഫീ ഹൗസ് ജീവനക്കാരുടെ സി.ഐ.റ്റി.യു സംഘടനയുടെ ജില്ല സെക്രട്ടറി അനിൽ മണക്കാടിനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്‌തു. ജോലി വാഗ്‌ദാനം ചെയ്‌തു ഒൻപതു ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഇതേ സംഘം ബിവറേജസ് കോർപ്പറേഷനിലും തട്ടിപ്പ് നടത്തിയെന്ന് പൊലീസിന് പരാതി ലഭിച്ചു.
ഇന്ത്യൻ കോഫീ ഹൗസ് എംപ്ലോയീസ് യൂണിയൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനിൽ മണക്കാടിനെതിരെയാണ് രണ്ടാമത്തെ പരാതി. ആറ്റിപ്ര സ്വദേശിയുടെ പരാതിയിലാണ് കന്റോൺമെന്റ് പൊലീസ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്‌തത്. ടൈറ്റാനിയത്തിൽ ജോലി വാഗ്‌ദാനം ചെയ്‌തു 9 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. ഇടനില നിന്നത് അനിൽ മണക്കാട് ആണെന്ന് എഫ്.ഐ.ആറിൽ പറയുന്നു. കേസുകളെടുത്തതിന് പിന്നാലെ അനിൽ മണക്കാട് ഒളിവിൽ പോയെന്നാണ് പൊലീസ് സംശയിക്കുന്നത്.
ചെങ്കൽ സ്വദേശിയായ യുവാവിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു ആദ്യ കേസ്. പ്രതിയായ ദിവ്യ നായരെ പണവുമായി കാണാൻ പോകുന്ന ഉദ്യോഗാർഥികളുടെ ഒപ്പം അനിലുമുണ്ടായിരുന്നുവെന്നാണ് പരാതി. അതേസമയം ടൈറ്റാനിയത്തിൽ ഇന്നലെ നടത്തിയ പൊലീസ് പരിശോധനയിൽ ലീഗൽ ഡെപ്യൂട്ടി ജി.എം ശശികുമാരൻ തമ്പി നോക്കിക്കൊണ്ടിരുന്നു ഫയലുകൾ പിടിച്ചെടുത്തു. അതിനിടെ ബിവറേജസ് കോർപ്പറേഷനിലും ഇതേ സംഘം ജോലി വാഗ്‌ദാനം ചെയ്തു തട്ടിപ്പ് നടത്തിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ലഭിച്ച പരാതിയിൽ കോട്ടയത്തു പൊലീസ് കേസെടുത്തിട്ടുണ്ട്.