Saturday, October 19, 2024
Kerala

നെയ്യാറ്റിന്‍കര സംഭവം: കുടിയൊഴിപ്പിക്കാന്‍ പരാതി നല്‍കിയവര്‍ക്കും ഭൂമിയില്‍ ഉടമസ്ഥാവകാശമില്ല

ജപ്തി നടപടിക്കെത്തിയ പോലീസിന്റെ അവിവേകപരമായ ഇടപെടലിനെ തുടര്‍ന്ന് ദമ്പതികള്‍ പൊള്ളലേറ്റു മരിച്ച സംഭവം പുതിയ വഴിത്തിരിവിലേക്ക്. പോങ്ങില്‍ ലക്ഷംവീട് കോളനിക്കു സമീപം താമസിക്കുന്ന രാജന്റെ കുടുംബത്തെ ഒഴിപ്പിക്കാന്‍ പരാതി നല്‍കിയ അയല്‍വാസി പോങ്ങില്‍ നെട്ടത്തോട്ടം ലക്ഷം വീട്ടില്‍ വസന്തയ്ക്ക് ഈ ഭൂമിയില്‍ പട്ടയാവകാശമില്ലെന്നു തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നു. മരിച്ച രാജന്‍ 2 മാസം മുന്‍പേ ഈ വിവരാവകാശ രേഖ നേടിയിരുന്നു എന്നാണ് അറിയുന്നത്. എന്നാല്‍ ഇതു കോടതിയില്‍ എത്താത്തതു കാരണമാണ് കുടിയൊഴിപ്പിക്കലിന് ഉത്തരവുണ്ടായത് എന്നറിയുന്നു.

അതിയന്നൂര്‍ വില്ലേജില്‍ (ബ്ലോക്ക് നമ്പര്‍ 21) 852/16, 852/17, 852/18 എന്നീ റീസര്‍വേ നമ്പറുകളിലെ ഭൂമി തന്റേതാണെന്നായിരുന്നു വസന്തയുടെ അവകാശവാദം. ഇതെല്ലാം കൂടി 12 സെന്റ് വരും. എന്നാല്‍ ഈ ഭൂമി എസ്.സുകുമാരന്‍ നായര്‍, കെ.കമലാക്ഷി, കെ.വിമല എന്നിവരുടെ പേരുകളിലാണെന്നു വിവരാവകാശ രേഖ പറയുന്നു. സര്‍ക്കാര്‍ കോളനികളില്‍ താമസിക്കുന്നവര്‍ക്കു പട്ടയം നല്‍കുമ്പോള്‍ 12 സെന്റ് ഭൂമി ഒരാള്‍ക്കു മാത്രമായി പതിച്ചു നല്‍കാന്‍ സാധ്യതയില്ലെന്നു നിയമവിദഗ്ധര്‍ പറയുന്നു. എന്നാല്‍ പട്ടയം കിട്ടിയവരില്‍ നിന്നു വിലയ്ക്കു വാങ്ങാന്‍ സാധ്യതയുണ്ട്. പക്ഷേ രേഖകള്‍ പ്രകാരം വസന്ത ഈ സ്ഥലത്തിന്റെ ഉടമസ്ഥയല്ല.

ഇതോടെ, ഭൂമിയില്‍ അവാകാശവാദം ഉന്നയിച്ച വസന്തയുടെ പട്ടയം വ്യാജമാണോ എന്നു പരിശോധിക്കാന്‍ കലക്ടര്‍ നവ്‌ജ്യോത് ഖോസ തഹസില്‍ദാര്‍ക്കു നിര്‍ദേശം നല്‍കി. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു വ്യക്തത വരുത്തിയ ശേഷം സര്‍ക്കാര്‍ കോടതിയെ അറിയിക്കും. തര്‍ക്കസ്ഥലം രാജന്റെ മക്കള്‍ക്കു തന്നെ കൊടുക്കാനാകുമോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റു മാതാപിതാക്കളെ അടക്കം ചെയ്ത ഭൂമി അനാഥരായ മക്കള്‍ക്കു കൊടുക്കാനാകുമോ എന്ന കാര്യത്തിലാണ് റവന്യു വകുപ്പ് അന്വേഷണം തുടങ്ങയത്.

Leave a Reply

Your email address will not be published.