Sunday, January 5, 2025
Kerala

ലഹരി ഉപയോഗത്തിനെതിരെ കര്‍മപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി; ഗാന്ധിജയന്തി ദിനത്തില്‍ തുടക്കം

സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വർധിച്ച് വരുന്ന ലഹരി ഉപയോഗം ഗൗരവത്തോടെ കാണുന്നു. നാടാകെ അണിനിരന്ന് പ്രതിരോധിക്കണം. ലഹരി സാമൂഹ്യ വിപത്താണ്. ലക്കു കെട്ട ഉപഭോഗം വ്യക്തികളെ മാത്രമല്ല സമൂഹത്തെ ആകെ ബാധിക്കുന്നുണ്ട്. യുവജനങ്ങളിലാണ് അധികം. സർക്കാർ തലത്തില്‍ നിയമം നടപ്പാക്കാൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ സർക്കാർ തലത്തില്‍ നിയമം നടപ്പാക്കിയത് കൊണ്ട് മാത്രം ലക്ഷ്യം പൂർണമാകില്ല. മയക്കു മരുന്ന് വിപത്തിനെതിരെ പഴുതില്ലാത്ത പദ്ധതി വേണമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 2 മുതൽ നവംബർ 2 വരെ തീവ്ര പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും സിനിമ, സീരിയൽ, കായിക മേഖലയിലുള്ളവർ പങ്കാളികളാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന തലത്തിൽ മുഖ്യമന്ത്രി അധ്യക്ഷനായ സമിതി പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് പറഞ്ഞു. വിവിധ തലങ്ങളിൽ സമിതികൾ രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവംബർ ഒന്നിന് എല്ലാ വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ ചങ്ങല സംഘടിപ്പിക്കും. പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിക്കും. ബസ് സ്റ്റാന്റും റെയിൽവേ സ്റ്റേഷനും അടക്കം പൊതു ഇടങ്ങളിൽ ജനജാഗ്രതാ സദസും സംഘടിപ്പിക്കും. വ്യാപാര സ്ഥാപനങ്ങൾ ലഹരി വിൽക്കില്ലെന്ന ബോർഡ് പ്രദർശിപ്പിക്കണം. പൊലീസ് എക്സൈസ് ഉദ്യോഗസ്ഥരുടെ നമ്പറടക്കം ബോർഡ് വയ്ക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *