അട്ടപ്പാടി മധുകൊലക്കേസ്; മജിസ്റ്റീയിൽ അന്വേഷണ റിപ്പോർട്ട് വിളിച്ചുവരുത്തണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ഇന്ന് വാദം
അട്ടപ്പാടി മധുകൊലക്കേസിലെ മജിസ്റ്റീയിൽ അന്വേഷണ റിപ്പോർട്ട് വിളിച്ചുവരുത്തണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ ഇന്ന് മണ്ണാർക്കാട് വിചാരണക്കോടതിയിൽ വാദം നടക്കും. മണ്ണാർക്കാട് മുൻ ജുഡീഷ്യൽ ഫസ്റ്റക്ലാസ് മജിസ്ട്രേറ്റ് ആയിരുന്ന എം. രമേശൻ, ഒറ്റപ്പാലം സബ് കളക്ടർ ആയിരുന്ന ജെറോമിക് ജോർജ് എന്നിവർ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് കേസ് രേഖയ്ക്ക് ഒപ്പം വേണം എന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്.
കോടതിയുടെ സമയം കളയാനേ ഹർജി ഉപകരിക്കൂ എന്ന് പ്രതിഭാഗം കഴിഞ്ഞ ദിവസം കേസ് എടുത്തപ്പോൾ വ്യക്തമാക്കിയിരുന്നു. എവിഡൻഷ്യറി വാല്യു ഉള്ള റിപ്പോർട്ട് കേസ് ഫയലിനൊപ്പം ഇല്ലാത്തത് അപാകതയെന്നാണ് പ്രോസിക്യൂഷൻ വാദം. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിൻ്റെ റൂളിങ് സഹിതമാണ് പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ ആവശ്യം ഉന്നയിച്ചത്.
പ്രതിഭാഗത്തിനും റൂളിങ്ങിൻ്റെ പകർപ്പ് കൈാമാറിയിട്ടുണ്ട്. 122 സാക്ഷികളുള്ള കേസിൽ വിസ്താരം അവസാനഘട്ടത്തിലാണ്. രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെയാണ് പ്രധാനമായും ഇനി വിസ്തരിക്കാനുള്ളത്. കോടതിയെ തെറ്റിദ്ധരിപ്പിച്ച രണ്ട് സാക്ഷികൾക്ക് എതിരെ നടപടി വേണമെന്ന ഹർജികളിലും തീർപ്പ് വരാനുണ്ട്.