എകെജി സെന്റര്‍ നിര്‍മിച്ചത് ഭൂനിയമം ലംഘിച്ചെന്ന ആരോപണം: മാത്യു കുഴല്‍നാടന്റെ ആരോപണത്തിന് സിപിഐഎം ഇന്ന് മറുപടി നല്‍കും
മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉന്നയിച്ച പുതിയ ആരോപണങ്ങള്‍ക്ക് സിപിഐഎം ഇന്ന് മറുപടി നല്‍കും. സിപിഐഎമ്മിന്റെ ആസ്ഥാന മന്ദിരമായ എകെജി സെന്റര്‍ ഭൂനിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടമാണെന്നാണ് മാത്യുവിന്റെ ആരോപണം. എറണാകുളം, ഇടുക്കി പാര്‍ട്ടി സെക്രട്ടറിമാര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നും മാത്യു പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ സിപിഐഎം നേതാക്കള്‍ ഇന്ന് മറുപടി പറയും. സിപഐഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് മാത്യു പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചത്. അതേസമയം വീണ വിജയനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് ഇനി മറുപടി പറയേണ്ടതില്ലെന്നാണ് സിപിഐഎം നേതൃത്വത്തിലെ ധാരണ. വീണയുടെ ഇടപാടിലെ നികുതി സംബന്ധിച്ച പരാതി നികുതി കമ്മീഷണര്‍ അന്വേഷിച്ച് വരികയാണ്. അടുത്ത തിങ്കളാഴ്ച റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറുമെന്നാണ് സൂചന.
ഭൂനിയമം ലംഘിച്ചതിന്റെ മറുപടി പറയണമെന്ന് എം വി ഗോവിന്ദന്റെ ചോദ്യത്തിന് താന്‍ഭൂനിയമം ലംഘിച്ചിട്ടില്ലെന്നും പട്ടയ ഭൂമിയില്‍ കൊമേഴ്‌സില്‍ ബില്‍ഡിംഗ് നിര്‍മിച്ച മാത്രമേ ലംഘനമാകൂവെന്നും വാര്‍ത്താസമ്മേളനത്തില്‍ മാത്യു കുഴല്‍നാടന്‍ പറഞ്ഞിരുന്നു. ചിന്നക്കനാലിലുള്ളത് റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളാണ്. അത് നിയമപ്രകാരമാണ്. അതില്‍ നിയമലംഘനം നടന്നിട്ടില്ല. നിയമം ലംഘിച്ചിട്ടുള്ള ഏറ്റവും വലിയ ബില്‍ഡിംഗ് എകെജി സെന്ററാണ്. ചിന്നകനാലില്‍ ഭൂമി വാങ്ങി വാങ്ങിയതിന് നികുതവെട്ടിപ്പുണ്ടോ എന്ന ചോദ്യത്തിന് വാങ്ങിയ ഭൂമിയിലെ തന്റെ നിര്‍മ്മാണം കൂടി കണക്കിലെടുത്താണ് ഉയര്‍ന്ന തുക രേഖപ്പെടുത്തിയതെന്നും സത്യസന്ധത ഉള്ളതുകൊണ്ടാണ് അതുകൂടി രേഖപ്പെടുത്തിയതെന്നും മാത്യു പറഞ്ഞിരുന്നു.
താന്‍ അനധികൃതമായി പണം സമ്പാദിച്ചോ എന്നത് ഏത് ഏജന്‍സിക്കും പരിശോധിക്കാമെന്നും മാത്യു കുഴല്‍നാടന്‍ വിശദീകരിച്ചിരുന്നു. അത്തരത്തില്‍ ഒരു പണവും സമ്പാദിച്ചിട്ടില്ല. ഇതിനും അപ്പുറം എന്ത് സുതാര്യതയാണ് വരേണ്ടത്. പരിശോധനയ്ക്ക് എം വി ഗോവിന്ദന്‍ തയ്യാറായാല്‍ സ്വാഗതം ചെയ്യുന്നുവെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.