‘ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല; സര്‍ക്കാരിനെതിരായ ഫൈറ്റിന് വലിയ ജനപിന്തുണ’; മാത്യു കുഴല്‍നാടന്‍
മാസപ്പടി വിവാദത്തില്‍ വിശദീകരണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സര്‍ക്കാരിനെതിരായ പോരാട്ടത്തിന് വലിയ ജനപിന്തുണ ലഭിച്ചെന്ന് മാത്യു കുഴല്‍നാടന്‍. താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ലെന്നും പകരം ആരോപണം ഉന്നയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
2014ല്‍ തുടങ്ങിയ എക്‌സാ ലോജിക് പ്രവര്‍ത്തനരഹിതമാണെന്നും പ്രവര്‍ത്തിക്കാത്ത കമ്പനിക്ക് ധനസഹായം എങ്ങനെ ലഭിച്ചെന്ന് അദ്ദേഹം ചോദിച്ചു. കമ്പനി വാങ്ങിച്ച പണം സേവനത്തിനായി ലഭിച്ചതല്ലെന്നും അധികാരസ്ഥാനത്തിരിക്കുന്നവരെ തൃപ്തിപ്പെടുത്തുന്നതിനായി നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു.
വീണയുടെ കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് കൂടുതല്‍ പണം വാങ്ങിയെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. വീണയുടെ കമ്പനിയുടെ കണക്കുകള്‍ നിരത്തിയായിരുന്നു എംഎല്‍എയുടെ ആരോപണങ്ങള്‍. 42 ലക്ഷം രൂപ അധികമായി സിഎംആര്‍എല്ലില്‍ നിന്ന് വാങ്ങിയതിന് രേഖകളുണ്ടെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കൂടാതെ ഈ കമ്പനിയുടെ ഉടമയുടെ ഭാര്യയുടെ കമ്പനിയില്‍ നിന്നും പണം വാങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.