പെരുവണ്ണാമുഴി ഇർഷാദ് കൊലക്കേസ്; ഒരാൾ കൂടി പിടിയിൽ
പെരുവണ്ണാമുഴി ഇർഷാദ് കൊലക്കേസ് ഒരാൾ കൂടി പിടിയിൽ. മലപ്പുറം വഴിക്കടവ് സ്വദേശി
ജുനൈദിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടി കൂടിയത്. സ്വർണ്ണ കടത്തു സംഘം തട്ടി കൊണ്ട് പോകൽ കേസിലെ പ്രധാന കണ്ണിയാണ് പൊലീസിന് പിടിയിലായിരിക്കുന്നത്. ഇർഷാദിനെ തട്ടി കൊണ്ട് പോയി മർദിച്ച സംഘത്തിൽ ജുനൈദ് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.
ഇർഷാദ് കൊല്ലപ്പെട്ട സ്വർണ്ണകടത്തു കേസിൽ കഴിഞ്ഞ ദിവസം വയനാട് ലക്കിടി സ്വദേശി ശ്രീനാഥ്നെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇർഷാദ് കൊല്ലപ്പെട്ട തട്ടി കൊണ്ട് പോകൽ സംഘത്തിൽ നിർണായക കണ്ണിയാണ് ഇയാളും. ഐപി സി302 ഉൾപ്പടെ യുള്ള ഗുരുതര വകുപ്പ് ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം സ്വർണ്ണ കടത്തു കൊലപാതക കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്നു സൂചന.
ജൂലൈ 6ന് കാണാതായ ഇർഷാദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. കൊയിലാണ്ടി കടപ്പുറത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റേതാണെന്ന് ഡിഎൻഎ പരിശോധന വഴിയാണ് സ്ഥിരീകരിച്ചത്. നേരത്തെ മേപ്പയൂർ സ്വദേശി ദീപകിന്റേതെന്ന് കരുതി ഈ മൃതദേഹം സംസ്കരിച്ചിരുന്നു. എന്നാൽ ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ മൂന്നു പേരെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് നിർണായക വിവരം ലഭിച്ചത്.
രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ ജൂലൈ 15ന് വൈകീട്ട് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ഇര്‍ഷാദ് ചാടി രക്ഷപ്പെട്ടെന്നായിരുന്നു ഇവരുടെ മൊഴി. ജൂലൈ 17ന് പരിസരപ്രദേശത്ത് ഒരു യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയ കാര്യം പൊലീസ് അറിഞ്ഞ് എത്തിയപ്പോഴേക്കും കണ്ടെത്തിയ മൃതദേഹം മേപ്പയൂര്‍ സ്വദേശി ദീപക്കിന്‍റേതെന്ന ധാരണയില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി മതാചാര പ്രകാരം ദഹിപ്പിച്ചിരുന്നു. ദീപക്കിന്‍റെ ചില ബന്ധുക്കള്‍ അന്ന് സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഡിഎന്‍എ പരിശോധനയ്ക്കായി സാംപിള്‍ പരിശോധിച്ചത് നേട്ടമായി. പരിശോധനയില്‍ മൃതദേഹം ഇര്‍ഷാദിന്‍റേതെന്ന് തിരിച്ചറിയുകയായിരുന്നു.