പത്തനംതിട്ടയിൽ നഴ്സിംഗ് തട്ടിപ്പിനിരയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
പലിശരഹിത ലോൺ നൽകാമെന്ന വാഗ്ധാനത്തിന്മേലാണ് ദേവാമൃത ട്രസ്റ്റ് വഴി അമൃത നഴ്സിംഗ് പ്രവേശനം നേടിയത്. ഇതിനായി വീട്ടുകാർ ഉൾപ്പെടെയുള്ളവരുടെ ഡോക്യുമെൻ്റ്സ് ഇവർ വാങ്ങിയെടുത്തു. എന്നാൽ, ഇത് തട്ടിപ്പാണെന്ന് പിന്നീട് മനസിലാവുന്നു. തുടർന്ന് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ദേവാമൃതം ട്രസ്റ്റിൻ്റെ ഭാരവാഹികൾ ഇപ്പോൾ ജയിലിലാണ്.
ആത്‌മഹത്യ നടക്കുന്ന സമയത്ത് അതുല്യ വീട്ടിൽ ഒറ്റക്കായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
അതുല്യ ഉൾപ്പടെ നിരവധി കുട്ടികൾ ദേവാമൃത ട്രസ്റ്റിന്റെ തട്ടിപ്പിനിരയായിട്ടുണ്ട്. കുട്ടികളുടെ പേരിൽ വായ്പ എടുത്തിരുന്നെങ്കിലും ഇതൊന്നും ഇവരുടെ പഠനത്തിനായി ഉപയോഗിച്ചിരുന്നില്ല. ഫീസ് അടയ്ക്കാത്തതിന് ക്ലാസ്സിൽ നിന്ന് കുട്ടികളെ പുറത്താക്കുമ്പോഴാണ് കള്ളി വെളിച്ചത്താകുന്നത്.
തട്ടിപ്പ് പുറത്തായതിനെ തുടർന്ന് പഠനം തുടരാനായി അതുല്യ വീട്ടുകാരുടെ സഹായത്താൽ പുനപ്രവേശനം നേടി. എന്നാൽ തുടർ പഠനത്തിനയുള്ള ചെലവിന് വായ്പയ്ക്കായി നിരവധി ബാങ്കുകളെ സമീപിച്ചെങ്കിലും സിബിൽ സ്കോർ കുറവായത് കൊണ്ട് വായ്പ ലഭിച്ചില്ല. ഇതു കൂടിയായപ്പോൾ അതുല്യയുടെ മനോവിഷമം ഇരട്ടി യായി. തുടർ പഠനം നടത്താൻ കഴിയില്ലെന്നുറപ്പായതോടെയാണ് അതുല്യ ആത്മഹത്യയിലേക്ക് തിരിഞ്ഞത്.