Friday, January 10, 2025
Kerala

വക്കം പുരുഷോത്തമൻ്റെ മരണത്തിൽ അനുശോചിച്ച് അർപ്പിച്ച് കോൺഗ്രസ് നേതാക്കൾ

വക്കം പുരുഷോത്തമൻ്റെ മരണത്തിൽ അനുശോചിച്ച് അർപ്പിച്ച് കോൺഗ്രസ് നേതാക്കൾ. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎൽഎ പിസി വിഷ്ണുനാഥ്, രാജ്മോഹൻ ഉണ്ണിത്താൻ എംപി, കോൺഗ്രസ് നേതാവ് കെസി ജോസഫ് തുടങ്ങിയവർ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.

വക്കം പുരുഷോത്തമൻ അതികായകനായ രാഷ്ട്രീയ നേതാവും മികച്ച ഭരണാധികാരിയുമായിരുന്നു എന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. എന്നും ഒരു കോൺഗ്രസുകാരൻ എന്ന നിലയിൽ അഭിമാനം കൊണ്ടിരുന്ന വ്യക്തിയാണ്. കേരളത്തിൻ്റെ അവകാശങ്ങൾക്കും നേട്ടങ്ങൾക്കും വേണ്ടി ഒത്തിരി പോരാട്ടം നടത്തിയ വ്യക്തിയാണ്. പ്രധാനപ്പെട്ട നിയമനിർമ്മാണങ്ങൾ അദ്ദേഹത്തിൻ്റെ കാലത്താണ് ഉണ്ടായത്. ഒരു കോൺഗ്രസ് നേതാവ് എന്ന നിലയിൽ എപ്പോഴും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ മഹത്തായ പ്രവർത്തനങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നാടിനും സമൂഹത്തിനും വേണ്ടി ത്യാഗോജ്വലമായ പ്രവർത്തനം നടത്തിയ നേതാവാണ്. പിന്നോക്ക ജനവിഭാഗങ്ങളുടെ മോചനത്തിനുവേണ്ടി ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവച്ച വ്യക്തി കൂടിയാണ് അദ്ദേഹം. പുരോഗമനപരമായ, കർഷക തൊഴിലാളി നിയമം ഉൾപ്പെടെ പുരോഗമനപരമായ നിരവധി നിയമനിർമ്മാണങ്ങൾ നടപ്പാക്കി എന്നും അദ്ദേഹം പറഞ്ഞു.

കർക്കശക്കാരനായ സ്പീക്കറായിരുന്നു എന്ന് കേട്ടിട്ടുണ്ടെന്ന് പിസി വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. അദ്ദേഹം സ്പീക്കർ ആയിരുന്നപ്പോൾ താൻ നിയമസഭയിൽ ഉണ്ടായിരുന്നില്ല. പിന്നീട് നിയമസഭയിൽ ചെന്നപ്പോൾ അക്കാലത്ത് ഉണ്ടായിരുന്ന എംഎൽഎമാർ അനുസ്മരിക്കുന്ന ഒരു പേരാണ് ശ്രീ വക്കം പുരുഷോത്തമൻറേത്. കാരണം, നിയമസഭാ നടപടികൾ അനന്തമായി നീണ്ടു പോകുന്ന ഒരു രീതി ഉണ്ടായിരുന്നു. എന്നാൽ സമയബന്ധിതമായി സഭാ നടപടികൾ പൂർത്തിയാക്കുന്നതിൽ അദ്ദേഹം കാണിച്ച ഒരു താല്പര്യമുണ്ടായിരുന്നു. കോടതിയുമായി ഏറ്റുമുട്ടൽ ഉണ്ടായപ്പോൾ പോലും സഭയുടെ പദവിയെ ഉയർത്തിപ്പിടിക്കാൻ അദ്ദേഹം തയ്യാറായി. അത് അദ്ദേഹത്തിൻറെ ധീരതയാണ് കാണിക്കുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.

വക്കം പുരുഷോത്തമനുമായി തനിക്ക് വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു എന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. പാർട്ടിയുണ്ടായപ്പോൾ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു. നല്ല പ്രസംഗകനായിരുന്നു. അനിതരസാധാരണ വ്യക്തിത്വമായിരുന്നു എന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

കേരളം കണ്ട ഏറ്റവും കരുത്തനായ ഭരണാധികാരിയായിരുന്നു വക്കം പുരുഷോത്തമൻ എന്ന് കെസി ജോസഫ് പ്രതികരിച്ചു. തീരുമാനങ്ങളെടുക്കാൻ അദ്ദേഹം കാണിച്ച ഇച്ഛാശക്തി മറക്കാനാവില്ല. ആൻഡമാൻ്റെ മുഖഛായ മാറ്റിയ ഗവർണറായിരുന്നു. അദ്ദേഹത്തെ ഏറ്റവുമധികം ഓർക്കുന്നത് നിയമസഭാ സ്പീക്കർ എന്ന നിലയിലാണ് എന്നും കെസി ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *