Thursday, January 9, 2025
Kerala

മന്ത്രി ആ‍ർ. ബിന്ദു മരിച്ച ഫിലോമിനയുടെ വീട്ടിൽ; കടുത്ത അതൃപ്തി അറിയിച്ച് കുടുംബം

കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതിനാൽ മികച്ച ചികിത്സ ലഭിക്കാതെ മരിച്ച ഫിലോമിനയുടെ വീട് മന്ത്രി ആ‍ർ. ബിന്ദു സന്ദർശിച്ചു. ഫിലോമിനയുടെ മൃതദേഹം കൊണ്ട് രാഷ്ട്രീയം കളിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ കുടുംബം മന്ത്രിയോട് അവരുടെ അതൃപ്തിയറിയിച്ചു. തങ്ങള്‍ക്ക് രാഷ്ട്രീയമില്ല. ചികിത്സാ സഹായം നല്‍കിയെന്ന് മന്ത്രി പറഞ്ഞതായി കേട്ടെന്നും കുടുംബം അറിയിച്ചു. മന്ത്രിയുടേത് അപ്രതീക്ഷിത സന്ദര്‍ശനമായിരുന്നു. ഫിലോമിനയുടെ കുടുംബത്തിന് ആവശ്യമായ തുക നൽകിയെന്നാണ് മന്ത്രി നേരത്തേ പറഞ്ഞിരുന്നത്. മരണം ദാരുണമാണെന്നും പക്ഷേ മൃതദേഹവുമായി സമരം ചെയ്തതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും മന്ത്രി മുൻപ് അഭിപ്രായപ്പെട്ടിരുന്നു.

ഫിലോമിനയുടെ കുടുംബവുമായി സംസാരിച്ച ശേഷം പുറത്തേക്കുവന്ന മന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. എല്ലാം വീട്ടുകാരോട് പറഞ്ഞിട്ടുണ്ടെന്ന് മാത്രമാണ് മന്ത്രി പ്രതികരിച്ചത്. മറ്റ്ചോദ്യങ്ങളില്‍ നിന്നും മന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. ഖേദ പ്രകടനം നടത്തിയോ എന്ന ചോദ്യത്തിനും മന്ത്രി മറുപടി നൽകിയില്ല. വി.എന്‍.വാസവന്‍, എം.എം. വര്‍ഗ്ഗീസ് തുടങ്ങിയവര്‍ നടത്തിയ പരാമര്‍ശങ്ങളിലും കുടുംബം അതൃപ്തി അറിയിച്ചു.

ഇതിനിടെ കരുവന്നൂർ നിക്ഷേപം മടക്കി നൽകാൻ പ്രത്യേക പാക്കേജ് ഉണ്ടാക്കിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. നിക്ഷേപകയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. പാതയോരത്ത് മൃതദേഹം പ്രദർശനം നടത്തിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും നിക്ഷേപകർ ആശങ്കപ്പെടരുതെന്നും മന്ത്രി ആർ ബിന്ദു നേരത്തേ പറഞ്ഞിരുന്നു. നിക്ഷേപകരോട് മോശമായി പെരുമാറുന്ന ബാങ്ക് ജീവനക്കാർക്കെതിരെ നടപടിയുണ്ടാകണമെന്ന് മരിച്ച ഫിലോമിനയുടെ ഭർത്താവ് ദേവസി ആവശ്യപ്പെട്ടു.

മൃതദേഹവുമായി പ്രതിക്ഷ പാർട്ടികൾ ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. തുടർന്ന് 2 ലക്ഷം രൂപാ ബാങ്ക് വീട്ടിലെത്തിച്ചു നൽകി. ബാക്കി നിക്ഷേപത്തിൻ്റെ കാര്യം സർക്കാർ ശ്രദ്ധയിൽപെടുത്താമെന്നും ആർഡിഒ പ്രതിഷേധിച്ച ബന്ധുക്കൾക്കും പ്രതിപക്ഷ പാർട്ടി പ്രവർത്തകർക്കും ഉറപ്പ് നൽകിയിരുന്നു. നാല് ലക്ഷത്തി അറുപതിനായിരം രൂപ ഇവർക്ക് പലതവണ ആയി നൽകിയെന്നാണ് സിപിഐഎം വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *